2023 ജൂൺ 24 ശനി
BREAKING NEWS
👉 ഇന്ന് രാവിലെ 6 ന് വയനാട് കൽപ്പറ്റയിൽ സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്
👉 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ അറസ്റ്റു ചെയ്തു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരിക്കേയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്.
👉 കെ.വിദ്യയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വിദ്യയുടെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കും.
👉 സുധാകരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നു കരിദിനം ആചരിക്കും. വൈകിട്ട് 4ന് സെക്രട്ടറിയറ്റ് മാർച്ച്
👉 അമേരിക്കൻ സന്ദർശനം പൂർത്തീകരിച്ച് പ്രധാനമന്ത്രി ഇന്ന് ഈജിപ്റ്റിലേക്ക് .
👉 തിരുപ്പൂർ ഖാദർ പേട്ടയിൽ ബനിയൻ നിർമ്മാണ കമ്പിനിയിൽ രാത്രിയിൽ വൻ തീപിടുത്തം. ആളപായമില്ല.
👉 മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി കപ്പൽ മുങ്ങി 82 പേർ മരിച്ചു.
കേരളീയം
🙏മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാരകനെ പോലീസ് അറസ്റ്റു ചെയ്തു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവനുസരിച്ച് അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു.
🙏മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ നാടിന് ആവശ്യമാണെന്ന് ഹൈക്കോടതി . മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ തടയുന്ന കാമറകള്‍ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണു വേണ്ടതെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍മൂലം ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ സ്വദേശി മോഹനന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
🙏അര്‍ധരാത്രി വീടിന്റെ കതകു തകര്‍ത്ത് അറസ്റ്റു ചെയ്ത ‘തൊപ്പി’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റു ചെയ്ത വളാഞ്ചേരി പൊലീസും പിറകേ അറസ്റ്റു രേഖപ്പെടുത്തിയ കണ്ണൂര്‍ കണ്ണപുരം പൊലീസും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
🙏വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ പ്രതി കെ വിദ്യയ്ക്കു പൊലീസ് കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികില്‍സ നല്‍കി. ഭക്ഷണവും വെള്ളവും കഴിക്കാത്തതിനാലുള്ള നിര്‍ജ്ജലീകരണമാണു കാരണമെന്ന് രാത്രി വിദ്യയെ ഡിസ്ചാര്‍ജു ചെയ്ത ഡോക്ടര്‍ വ്യക്തമാക്കി.
🙏വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്‍സില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റു ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി.
🙏ദേശീയതലത്തില്‍ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
🙏സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാധ്യമങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇഷ്ടമുള്ളതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല.
🙏നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെ ക്രട്ടറിയായി ജി.സുകുമാരന്‍ നാ യര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇദ്ദേഹം ജനറല്‍ സെക്രട്ടറിയാകുന്നത്.
🙏ടിവി സിരീയല്‍ താരം ശില്‍പയുടെ മരണത്തില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേല്‍ വിചാരണ അനുവദിക്കരുതെന്ന ശില്‍പയുടെ അച്ഛന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. 2015 ജൂലൈയില്‍ നടന്ന മരണത്തില്‍ ശില്‍പയുടെ സുഹൃത്ത് ലിജിനാണ് പ്രതി. തിരുവനന്തപുരം മരുതംകടവ് പാലത്തിന് സമീപമാണ് ശില്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
🙏ട്രോളിംഗ് നിരോധനം നിലനില്‍ക്കെ കൊല്‍ക്കത്തയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരില്‍ എത്തിച്ച 73 പെട്ടി മീന്‍ പിടിച്ചെടുക്കാന്‍ എത്തിയ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ റെയില്‍വേ തടഞ്ഞു. വിലാസക്കാരനു കൈമാറി പെട്ടികള്‍ സ്റ്റേഷനു പുറത്തെത്തിച്ചശേഷമേ പെട്ടികള്‍ കസ്റ്റഡിയിലെടുക്കാവൂവെന്ന് റെയില്‍വേ വ്യക്തമാക്കി. ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്.
🙏സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കാന്‍ കാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി കെഎസ്ആര്‍ടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാര്‍ക്ക് കാറില്‍ ടെസ്റ്റ് നടത്തിയത്. അപേക്ഷിച്ച 27 വനിതകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തു പേരെയാണ് ടെസ്റ്റിന് വിളിച്ചത്.
🙏തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കണമെന്നു തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പിടിയിലായ 22 വയസുകാരിയായ ട്യൂഷന്‍ ടീച്ചറും പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയും. അധ്യാപികയെ പോക്സോ കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുു ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
🙏പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടിയത്. അഞ്ചു ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി.
🙏നാട്ടുകാരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ വന്‍ മയക്കുമരുന്നു ശേഖരം. കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
🙏വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു 19 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ പയ്യാവൂരിലെ കരാറുകാരനായ എ.കെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
🙏പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയേയും അമ്മയുടെ കാമുകനെയും കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്.
ദേശീയം
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നു പ്രതിപക്ഷ കക്ഷികള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടികള്‍ ഒന്നിച്ചു പോരാടും. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈയില്‍ ഷിംലയില്‍ ചേരും. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങള്‍ ഷിംല യോഗം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ അറിയിച്ചു.
🙏അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അധിക വായ്പക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. 200 കോടി ഡോളര്‍ വായ്പ അനുവദിക്കാനാണ് അനുമതി. പതിനാറായിരം കോടിയിലധികം രൂപ വായ്പയെടുക്കാന്‍ റിലയന്‍സിനു കഴിയും.
🙏അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണം നേരിടുന്ന സബ് കളക്ടറുടെ വീടു പരിശോധിക്കുന്നതിനിടെ അയല്‍വാസിയുടെ വീടിന്റെ ടെറസിലേക്കു വലിച്ചെറിഞ്ഞ പെട്ടികളില്‍നിന്ന് കണ്ടെടുത്തത് രണ്ടു കോടി രൂപ. ഒഡിഷയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണമടങ്ങിയ പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്കു വലിച്ചെറിഞ്ഞത്.
അന്തർദേശീയം
🙏അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ ഇന്ന് പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ബോയിംഗ് സിഇഒ ഡേവ് കാല്‍ഹൂണ്‍, ആമസോണ്‍ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണുക. ഡിജിറ്റല്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലയില്‍ നിക്ഷേപത്തിന് ഇവരെ ക്ഷണിക്കും. തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
കായികം
🙏വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കും. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റനാകും. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജൂലായ് 12 നും രണ്ടാം ടെസ്റ്റ് ജൂലായ് 20 നും ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂലായ് 27 ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.