എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു

Advertisement

ചങ്ങനാശേരി .എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായ 5-ാം തവണയാണ് ഈ പദവിയിലെത്തുന്നത്. കാലാവധി പൂർത്തിയായതിനെത്തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. എം.സംഗീത് കുമാറാണു പുതിയ വൈസ് പ്രസിഡന്റ്. ട്രഷറർ ആയി എൻ.വി.അയ്യപ്പൻ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു.

നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയാകുന്ന പത്താമത്തെ വ്യക്തിയാണു സുകുമാരൻ നായർ (82). സമുദായാചാര്യൻ മന്നത്തു പത്മനാഭനായിരുന്നു ആദ്യ ജനറൽ സെക്രട്ടറി. ആറു പതിറ്റാണ്ടിലേറെയായി എൻഎസ്എസിൽ പ്രവർത്തിക്കുന്ന സുകുമാരൻ നായർ 2011ൽ ആണ് ആദ്യം ജനറൽ സെക്രട്ടറിയായത്. രണ്ടു പതിറ്റാണ്ടോളം എൻഎസ്എസ് അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. സംഗീത് കുമാർ തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ആണ്.അഭിഭാഷകനും എന്‍എസ്എസ് നിയമ കാര്യങ്ങളില്‍ ശ്രദ്ധാലുവുമായ എന്‍ വി അയ്യപ്പൻ പിള്ള കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവുവന്ന 9 സ്ഥാനത്തേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുത്തു. കെ.ബി.ഗണേഷ് കുമാർ എംഎൽഎയും പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബജറ്റ് സമ്മേളനത്തില്‍ നിന്നും പ്രതിഷേധസ്വരമുയര്‍ത്തി ഇറങ്ങിപ്പോയ അടൂര്‍ സൂണിയന്‍ പ്രസിഡന്റ് കലഞ്ഞൂര്‍ മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പുറത്താക്കിയിരുന്നു.

Advertisement