കെ സുധാകരന് രാഷ്ട്രീയപരമായും നിയമപരമായും കോണ്‍ഗ്രസ് കവചം നല്‍കും,അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധി, വി ഡി സതീശന്‍

Advertisement

തിരുവനന്തപുരം. കെ. സുധാകരന് രാഷ്ട്രീയപരമായും നിയമപരമായും കോണ്‍ഗ്രസ് കവചം നല്‍കുമെന്നും കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസും യുഡിഎഫും കെ. സുധാകരന് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും തങ്ങള്‍ ചങ്കുകൊടുത്തും കെപിസിസി അദ്ധ്യക്ഷനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അഴിമതിയുടെ ചെളിക്കുണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ അങ്ങിനെയല്ലാത്തവരുടെ ദേഹത്ത് ചെളി തെറുപ്പിക്കുന്നതാണ് കെ.സുധാകരനെതിരേ എടുത്ത കേസ്. തെറ്റായ നിലപാട് ആരു സ്വീകരിച്ചാലും നിയമത്തിന് മുന്‍പില്‍ വരണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ വ്യാജക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെയെന്നും സതീശന്‍ പറഞ്ഞു.

ആരു മൊഴി നല്‍കിയാലും അതില്‍ കേസെടുക്കുന്ന രീതിയാണെങ്കില്‍ സ്വപ്നാ സുരേഷ് നല്‍കിയ മൊഴിയില്‍ കേസെടുക്കാന്‍ തയ്യാറാകുമോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവറെ മൂന്നിലധികം തവണ പോലീസ് ചോദ്യം ചെയ്തതാണ്. അപ്പോഴൊന്നും ഇല്ലാത്ത മൊഴിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

നേരത്തേ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ കെ. സുധാകരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കെ. സുധാകരന്‍ കെപിസിസി അദ്ധ്യക്ഷസ്ഥാനം രാജി വെയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന് എ,ഐ ഗ്രൂപ്പുകള്‍ ഭിന്നത മറന്ന് ഒരുമിച്ച് പിന്തുണ നല്‍കുകയാണ്.

അതേസമയം രാഷ്ട്രീയപരമായ കേസിലല്ല തട്ടിപ്പു കേസിലാണ് കെ. സുധാകരനെതിരേ കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കെ.സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറി നില്‍ക്കണയോ വേണ്ടയോ എന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ആരേയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും പറഞ്ഞു.

Advertisement