കോഴിക്കോട്. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് 4 കുട്ടികൾ രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയന്ന് പൊലീസ്. നേരത്തെ അന്തേവാസികൾ ആയിരുന്ന രണ്ട് പേരുടെ സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തി. ശുചിമുറിയുടെ ഗ്രിൽ തകർത്ത് കുട്ടികൾ പുറത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ മൂന്നുപേരും ഒരു ഉത്തർപ്രദേശ് സ്വദേശിയുമാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജുവനൈൽ ഹോമിൽ നിന്ന് കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അധികൃതർ അറിഞ്ഞത് ഇന്ന് രാവിലെയാണ്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി . ജുവനൈൽ ഹോം ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് . കുട്ടികൾക്ക് സഹായമായി എത്തിയത് നേരത്തെ ഇവിടെ അന്തേവാസികളായിരുന്ന രണ്ടു പേരാണെന്ന് സിസിടിവികൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. അന്വേഷണം വ്യാപിപ്പിച്ചതായി മെഡിക്കൽ കോളേജ് എസി പി – കെ സുദർശൻ പറഞ്ഞു
സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ഈ ജുവനൈൽ ഹോമിൽ നിന്ന് 2 തവണയായി 8 പെൺ കുട്ടികൾ രക്ഷപ്പെട്ടിരുന്നു. നീണ്ട അന്വേഷത്തിലൂടെയാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.
ഒന്നര വർഷത്തിനിടെ ഇവിടെ നിന്ന് രക്ഷപ്പെട്ടത് 12 കുട്ടികളാണ്. സംഭവം ആവർത്തിക്കപ്പെടുമ്പോൾ ജു വനൈൽ ഹോമിന്റെ സുരക്ഷാ സംവിധാനങ്ങളാണ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്