തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ പെയ്തേക്കും. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്
സംസ്ഥാനത്തു വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. 25ാം തിയതി ആലപ്പുഴയിലും എറണാകുളത്തും തൃശൂരും കോഴിക്കോടും 26ാം തിയതി എറണാകുളം, കണ്ണൂർ ജില്ലകളിലും 27 നു ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ മുന്നറിയിപ്പിലുണ്ട്.