മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ച്‌ കയറി യുവാക്കളെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Advertisement


കരുനാഗപ്പള്ളി: തഴവ അമ്പലമുക്കിന്‌ സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍ അതിക്രമിച്ച്‌ കയറി യുവാക്കളെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതികള്‍ പൊലീസ്‌ പിടിയിലായി. വള്ളികുന്നം രാഹുല്‍ ഭവനില്‍ ഗോകുല്‍(24), മണപ്പള്ളി ചെരിയില്‍ തെക്കതില്‍ അഭിജിത്ത്‌(20) എന്നിവരാണ്‌ പിടിയിലായത്‌.

തഴവ സ്വദേശിയായ സനുവിനെയും ഇയാളുടെ കടയിലെ ജീവനക്കാരനായ അഭിലാഷിനെയുമാണ്‌ അക്രമി സംഘം മാരകമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. കഴിഞ്ഞ മാസം പ്രതികള്‍ സനുവിന്റെ കടയുടെ മുന്നില്‍ വച്ച്‌ മറ്റൊരാളുമായി വഴക്കുണ്ടാക്കിയത്‌ സനു വിലക്കിയിരുന്നു. ഇതിന്റെ വിരോധമാണ്‌ അക്രമത്തിലേക്ക്‌ നയിച്ചത്‌.

അറസ്‌റ്റിലായ ഗോകുല്‍ വിവിധ പൊലീസ്‌ സ്റ്റേഷനുകളില്‍ കൊലപാതകമടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്‌.