കെപിസിസി അധ്യക്ഷനെ അറസ്റ്റ് ചെയ്തിട്ടും വേണ്ടവിധത്തിൽ പ്രതിഷേധങ്ങൾ ഉണ്ടായില്ലേ?,സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

Advertisement

തിരുവനന്തപുരം.കെ സുധാകരന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. പോഷക സംഘടനകളുടെ നേതൃത്വത്തിലും സമരം ശക്തമാക്കും. സർക്കാരിനെതിരായ വിവാദങ്ങൾ മറച്ചു പിടിക്കാൻ ആണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത് എന്ന പ്രചരണം ജനങ്ങളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ കെപിസിസി അധ്യക്ഷനെ അറസ്റ്റ് ചെയ്തിട്ടും വേണ്ടവിധത്തിൽ പ്രതിഷേധങ്ങൾ ഉണ്ടായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുണ്ട്.

സർക്കാരിനെതിരായ വിവിധ വിഷയങ്ങളിലും ഒപ്പം കെ സുധാകരന്റെ അറസ്റ്റിലും തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ കോൺഗ്രസ് യോഗം ചേരും. യുഡിഎഫ് നേതൃയോഗവും ഉടൻ ഉണ്ടാകും. ഗ്രൂപ്പ് ഭിന്നത മറന്ന് കെപിസിസി അധ്യക്ഷനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. തമ്മിലടിച്ചു പലതട്ടില്‍ നിന്ന കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാന്‍ അറസ്റ്റിനും രാജി ഭീഷണിക്കും ആയി എന്നതാണ് സത്യം. രാജി ഭീഷണി സുധാകരന്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തി എന്നാണ് വിലയിരുത്തല്‍.

കൃത്യമായ രാഷ്ട്രീയ പ്രതികാരമാണ് സുധാകരനെതിരെയുള്ള കേസ് എന്നും രാജി പരാജയം സമ്മതിക്കലാവുമെന്നും തെറ്റിദ്ധരിക്കപ്പെടുമെന്നും നേതൃത്വം മുതല്‍ താഴേത്തട്ടുവരെ പ്രചരിച്ചു. രാജി വേണ്ട എന്ന കര്‍ശന നിര്‍ദ്ദേശം നേതൃത്വം സുധാകരന് നല്‍കിയത് സുധാകരന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

Advertisement