2023 ജൂൺ 25 ഞായർ
കേരളീയം
🙏ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി. ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുക. അതിനാല്‍ ഇന്നു മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം മെച്ചപ്പെട്ടേക്കും.
🙏വ്യാജ പ്രവര്‍ത്തി പരിചയ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ടു പേരുടെ ആള്‍ജാമ്യമാണ് അനുവദിച്ചത്. കരിന്തളം കോളജില്‍ വ്യാജരേഖ നല്‍കിയതിന് അറസ്റ്റു ചെയ്യാനെത്തിയ നീലേശ്വരം പോലീസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാല്‍ മതിയെന്നു കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇന്നു ഹാജരാകന്‍ പോലീസ് നോട്ടീസ് നല്‍കി.
🙏വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞെന്നു മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ പറഞ്ഞെന്നു പോലീസ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണു നശിപ്പിച്ചതെന്നു വിദ്യ മൊഴി നല്‍കിയെന്നാണു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
🙏കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കാണാതായ നാലു കുട്ടികളെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ടെത്തി.
🙏അറസ്റ്റിനും ജാമ്യത്തിനും ശേഷം കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചിരുന്നു.
🙏ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ഒതുക്കിയ സിപിഎം കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കള്ളക്കേസ് ചമച്ചത് നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി
വേണുഗോപാല്‍ എംപി.
🙏കെ സുധാകരനെപ്പോലുള്ള വിമര്‍ശകരെയെല്ലാം ജയിലില്‍ അടക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി
വിജയന്റെ ആഗ്രഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. അഴിമതിയുടെ രാജാവാണ് പിണറായി വിജയന്‍.
🙏പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റില്‍ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കും.
🙏ഈരാറ്റുപേട്ടയില്‍ കൊലക്കേസ് പ്രതികള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. ലിജോയുടെ അമ്മാവന്‍ മുതുകാട്ടില്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
🙏പനിയും പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.
🙏എംഎസ്എഫിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന നേതൃത്വത്തിലേക്കു മൂന്നു വനിതകള്‍. വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷ അയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായുമാണ് നിയോഗിച്ചത്.
🙏വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആയിരിക്കാം. കുറ്റം കണ്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി എടുത്തു. ഒരാള്‍ തെറ്റു ചെയ്തെന്നു കരുതി സംഘടന മുഴുവന്‍ തെറ്റുകാരാവില്ല. ജയരാജന്‍ പറഞ്ഞു.
🙏വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ശ്രദ്ധ വേണം. മന്ത്രി പറഞ്ഞു.
🙏വീടുകളില്‍ ബോധവത്കരണത്തിന് എത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനു വീട്ടുടമയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി തടത്തിലകത്ത് വീട്ടില്‍ ഫൈസല്‍ (49) ആണ് പിടിയിലായത്.
🙏അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അരികൊമ്പന് ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.
🙏കൊട്ടാരക്കര-അടൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ശരണ്‍ (30) ആണു മരിച്ചത്. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാഴ്സല്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
🙏റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ രക്ഷപ്പെട്ട അതുല്‍ സത്യന്‍ എന്നയാളെ പോലീസ് തെരയുന്നു. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛന്‍, അമ്മ, അനുജത്തി എന്നിവര്‍ക്കും വെട്ടേറ്റു.
🙏കോഴിക്കോട് നടുവണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മര്‍ദിച്ചതിനു ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്വ ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. ബസ് ഗതാഗത തടസമുണ്ടാക്കി റോഡില്‍ നിര്‍ത്തിയതു ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ മര്‍ദിച്ചത്.
🙏വടകരയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്.
🙏തലശേരി പൂക്കോട് തൃക്കണ്ണാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഷമി എന്ന യുവതിയുടെ കൈകളില്‍ ബ്ലേഡുകൊണ്ട് വരഞ്ഞ അക്രമിയെ പോലീസ് തെരയുന്നു. മാലൂര്‍ തൃക്കടാരിപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്ന് ഷമി പറഞ്ഞു. ആക്രമിച്ചയുടനേ പ്രതി ഓടിരക്ഷപ്പെട്ടു. ഷമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയം
🙏ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ ആര്‍ജിച്ച സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാതെ വീട്ടമ്മമാര്‍ ചെയ്യുന്ന അധ്വാനം അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വത്തില്‍ അവകാശം ഉന്നയിച്ചു കമ്ശാല അമ്മാള്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സൗദി അറേബ്യയില്‍ ജോലി ചെയ്ത് ആര്‍ജിച്ച സ്വത്ത് അമ്മാള്‍ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭര്‍ത്താവ് കണ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ കേസില്‍ കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമിയുടെ ഉത്തരവ്.
🙏മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂരിലെ കലാപം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
🙏പിന്‍വലിച്ച 2000 രൂപ കറന്‍സി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. പ്രചാരത്തില്‍ നിന്നും പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് 19 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്..
അന്തർദേശീയം
🙏റഷ്യയില്‍ അട്ടിമറി നീക്കവുമായി കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. രാത്രി വൈകി ബെലോറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കൊടുവില്‍ വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം അവസാനിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ചര്‍ച്ച നടത്തിയത്.
🙏 വാഗ്‌നര്‍ ഗ്രൂപ്പ് രണ്ടു റഷ്യന്‍ നഗരങ്ങളും ഒരു സൈനിക കേന്ദ്രവും പിടിച്ചെടുത്തിരുന്നു.
🙏സൈനിക കേന്ദ്രം ഉടനേ പിടിച്ചെടുക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവനും ശതകോടീശ്വരനുമായ യേവ്ഗെനി പ്രിഗോഷിന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വെളിപെടുത്തിയിട്ടില്ലെങ്കിലും വാഗ്‌നര്‍ സേനയുടെ മോസ്‌കോ മാര്‍ച്ച് നിര്‍ത്തിവച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍.
🙏റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ റഷ്യ വിട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ്. അദ്ദേഹം തന്റെ ഔദ്യോഗിക വസതിയില്‍ ജോലി തിരിക്കിലാണെന്ന് ദിമിത്രി പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ആരംഭിച്ചതിന് പിന്നാലെ, മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം.
അതേസമയം, മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്നര്‍ സേന, മോസ്‌കോയുടെ 360 കിലോമീറ്റര്‍ അകലത്താണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഗ്നര്‍ പടയാളികള്‍ ലിപ്‌സ്റ്റെക് പ്രവിശ്യയില്‍ പ്രവേശിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. ചില റഷ്യന്‍ സൈനികരുടെ പിന്തുണയും വാഗ്നര്‍ ഗ്രൂപ്പിന് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെകൂടെ സഹായത്താല്‍ ആണ് ദക്ഷിണ റഷ്യന്‍ നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്തത് എന്നാണ് സൂചന. അതേസമയം, വാഗ്നറിന് എതിരെ റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചു.
🙏ശനിയാഴ്ച ഉച്ചയോടെ, വാഗ്‌നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്‌കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുമുണ്ട്.റഷ്യയിലെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു.
കായികം
🙏സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ സെമിയില്‍. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.
🙏ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ അയക്കാന്‍ തീരുമാനിച്ച് ബിസിസിഐ. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ലോകകപ്പ് തിരക്കുകള്‍ കാരണം രണ്ടാംനിര ടീമിനെ അയക്കാനാണ് തീരുമാനം.