തൃശൂർ. നെയ്യാറില്‍നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ കടുവയേയും എത്തിച്ചു. നെയ്യാറ്റിൻകരയിൽ നിന്നാണ് ദുർഗയെന്ന കടുവയെ ഇന്ന് രാവിലെ പുത്തൂരിൽ എത്തിച്ചത്. രണ്ടുമാസം മുമ്പ് സുവോളജി പാർക്കിൽ എത്തിച്ചി വൈഗ കടുവ ജീവനക്കാരുമായി ഉൾപ്പെടെ ഇണങ്ങിക്കഴിഞ്ഞു.
ദുർഗ എന്നാണ് പേരെങ്കിലും ശാന്ത സ്വഭാവമെന്നാണ് വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ പറഞ്ഞിരുന്നത്. എന്നാൽ ലോറിയിൽ നിന്ന് കൂട്ടിലേക്ക് മാറിയ തോടെ ദുർഗ എല്ലാവരെയും വിറപ്പിച്ചു.
വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടുന്നത് 2017 ൽ. ഇപ്പോൾ 12 വയസുണ്ട്. നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ദുർഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അവസാന അന്തേവാസിയായിരുന്നു ദുർഗ. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലായിരുന്നു കടുവയെ പുത്തൂരിൽ എത്തിച്ചത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ദുർഗയെ സ്വീകരിച്ചു. 2024 ആദ്യം സുവോളജി പാർക്ക് പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി കെ രാജൻ.
വൈഗ എന്ന കടുവയെ രണ്ടു മാസം മുമ്പ് പുത്തൂരെത്തിച്ചിരുന്നു. വൈഗ ക്വറന്റൈൻ പീരീഡ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞു. ഇപ്പോഴെത്തിയ ദുർഗ്ഗയേയും ആദ്യ ഘട്ടത്തിൽ ചന്ദനകുന്നിലെ ഐസൊലേഷൻ കേന്ദ്രത്തിൽ കോറന്റൈനിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും. തേക്കടിയിലെ മംഗള എന്ന കടുവയും അധികം വൈകാതെ പുത്തൂരിൽ എത്തിക്കും. ജൂലൈയിൽ പക്ഷികളെ കൂടി സുവോളജിക്കൽ പാർക്കിൽ എത്തിക്കാനാണ് തീരുമാനം.
.representational picture