കായംകുളം . വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ
സുപ്രധാന രേഖകൾ പോലീസിന് ലഭിച്ചു.
കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളുമാണ് നിഖിലിൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിലെത്തി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അതേസമയം നിഖിലിന്റെ ഫോൺ കണ്ടെത്താൻ പോലീസിനായിട്ടില്ല
കസ്റ്റഡിയിലുള്ള നിഖിലുമായി അന്വേഷണ സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തത്. എം.എസ്.എം കോളേജിൽ എം.കോം പ്രവേശനത്തിന് നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ടി.സിയുമടക്കമുള്ളവ പോലീസിന് ലഭിച്ചു. വിവാദം തുടങ്ങിയതോടെ സർട്ടിഫിക്കറ്റുകൾ വീട്ടിലൊളിപ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ സ്ഥാപനത്തിൽ നിഖിലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് പാർടിക്ക് ആദ്യം പരാതി നൽകുന്നത് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്. തുടർന്നു ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിൽ തോമസിനോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു
അന്ന് പാർട്ടിക്ക് നൽകിയത് തുല്യതാ സർട്ടിഫിക്കറ്റ് മാത്രം
ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ ആണെന്നായിരുന്നു നിഖിൽ പാർട്ടിയേ അറിയിച്ചത്.
വിദേശത്തുള്ള അബിൻ രാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങി. അബിൻ രാജ് വഴി കൂടുതൽ പേർ വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. കായംകുളത്തെ കൂടുതൽ വ്യാജ ഡിഗ്രി കഥകൾ സിപി.എം സൈബർ ഇടങ്ങളിൽ തന്നെ പ്രചരിക്കുന്നത് പാർട്ടിയെയും പോലീസിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കുകയാണ്.