ഹൃദയ സംബന്ധമായപ്രശ്നം നേരിട്ട രോഗിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പലവട്ടം ഒന്നാം നില കയറ്റി, മരണത്തേത്തുടര്‍ന്ന് പരാതി

Advertisement

ഇടുക്കി. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ രോഗി അധികൃതരുടെ അനാസ്ഥ കാരണമാണ് മരിച്ചതെന്ന് പരാതി. പഴയരിക്കണ്ടം സ്വദേശി മേരിയുടെ മരണത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കളുടെ ഗുരുതര ആരോപണം. അവശനിലയിൽ എത്തിയ രോഗിക്ക് വീൽചെയർ പോലും നൽകിയില്ലെന്നാണ് ആക്ഷേപം. ആശുപത്രി അധികൃതർ ആരോപണത്തെ പൂർണമായും നിഷേധിച്ചു.


നെഞ്ചുവേദനയെ തുടർന്ന് മേരി കഴിഞ്ഞ ശനിയാഴ്ചയാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഡോക്ടറെ കാണുന്നതിനും ഇ.സി.ജി എടുക്കുന്നതിനുമായി പലതവണ സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ടി വന്നുവെന്നും വീൽചെയർ പോലും നൽകിയില്ലെന്നുമാണ് പരാതി. ഇസിജിയിൽ ആരോഗ്യ അവസ്ഥ മോശമാണെന്ന് മനസ്സിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോഴും അടിസ്ഥാന സൗകര്യമൊരുക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒടുവിൽ ആംബുലൻസിലെ സ്ട്രക്ചർ പുറത്തെടുത്ത് രോഗിയെ കൊണ്ടുപോവുകയായിരുന്നുവെന്ന് മേരിയുടെ മകൾ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് രോഗി മരിച്ചത്.
ഇടുക്കി മെഡിക്കൽ കോളജിലെ ഒന്നാം നിലയിലേക്കും തിരിച്ചും പലതവണ കയറി ഇറങ്ങിയതോടെ രോഗിയുടെ നില മോശമായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് കുടുംബത്തിൻറെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകാനാണ് തീരുമാനം. എന്നാൽ ആശുപത്രി അധികൃതർ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ്. ആവശ്യത്തിന് സൗകര്യം ഉണ്ടായിരുന്നു എന്നാണ് വിശദീകരണം.

Advertisement