ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ ഭാര്യ

Advertisement

തിരുവനന്തപുരം . ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിക്കെതിരെ അതിരൂക്ഷ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ ഭാര്യ. ഭരണസമിതിയുടെ നിലപാടാണ് ഭര്‍ത്താവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. അര്‍ഹതയുണ്ടായിട്ടും സ്ഥിരപ്പെടുത്താന്‍ ഭരണസമിതി തയാറായില്ല. ഭരണ സമിതിക്കും ഉപദേശക സമിതിക്കും നല്‍കിയ കത്തിലാണ് ഗുരുതര ആരോപണമുള്ളത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദിവസവേതന ജീവനക്കാരനായ സതീഷ് കുമാര്‍ 2023 ജൂണ്‍ 12നാണ് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചന രംഗത്തുവന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവിധ തസ്തികകളില്‍ കഴിഞ്ഞ 10വര്‍ഷമായി ജോലി നോക്കുകയായിരുന്നു സതീഷ് കുമാര്‍. ഓരോ ദിവസവും ജോലി സ്ഥിരപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നതെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ സ്ഥിരപ്പെടുത്താന്‍ ക്ഷേത്രം ഭരണ സമിതി തയാറായില്ല.
10 പേരെ സ്ഥിരപ്പെടുത്തി 2018 ല്‍ പുറത്തിറക്കിയ പട്ടികയില്‍ സതീഷ് കുമാര്‍ മൂന്നാമത്തെ പേരുകാരനായിരുന്നു. എന്നാല്‍ ഈ ലിസ്റ്റ് ഭരണസമിതി മരവിപ്പിച്ചു. 2023 മേയ് 30 ന് നടന്ന ഭരണ സമിതി യോഗത്തില്‍ സ്ഥിരപ്പെടുത്തുമെന്നും നിലവില്‍ മരവിപ്പിച്ച ഉത്തരവ് പുന:സ്ഥാപിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭരണ സമിതി അതിനു തയാറായില്ല. ഭര്‍ത്താവിന്റെ അവസ്ഥയക്ക് കാരണം ഭരണ സമിതിയാണെന്നും ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നു. ദിവസ ജോലിയിലുള്ള ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താതെ മറ്റു സ്ഥിരം നിയമനങ്ങള്‍ നടത്തുകയാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജീവനക്കാര്‍ ആരോപിച്ചിരുന്നു.

ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 120 ലധികം പേരാണ് ക്ഷേത്രത്തിലുള്ളത്. അര്‍ഹതയുണ്ടായിട്ടും സ്ഥിരപ്പെടുത്തുന്നില്ലെന്നാണ് ബി.എം.എസ് കര്‍മ്മചാരി സംഘം പ്രസിഡന്റ് ബബിലു ശങ്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍പ് ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോഴാണ് ക്ഷേത്ര ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിന്റെ് അടിസ്ഥാനത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ മാറ്റിയത്.

Advertisement