ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി വിയ്യൂർ പോലീസ്

Advertisement

തൃശൂര്‍ . രാജകീയ പരിഗണന കുറഞ്ഞാല്‍ സൂപ്രണ്ടിനും അടി, വിയ്യൂർ സെൻട്രൽ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച കേസിൽ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ നീക്കം. അറസ്റ്റിന് അനുമതി തേടി വിയ്യൂർ പോലീസ് കോടതിയിൽ. ഇതു സംബന്ധിച്ച അപേക്ഷ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റൻറ് സൂപ്രണ്ട് രാഹുലിനെ മർദിച്ച കേസിലാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്നതിനാൽ കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയു. സംഭവത്തിൽ ഇന്നലെ ജയിലിൽ എത്തി തെളിവെടുത്ത പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെയാണ് ഇന്ന് തൃശ്ശൂർ ജുഡീഷനൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ അപേക്ഷയിൽ നടപടി ഉണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. തുടർന്ന് ജയിലിൽ എത്തി അന്വേഷണസംഘം ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് ആയിരിക്കും ചോദ്യം ചെയ്യൽ. അതിനും കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. സംഭവം നടന്നത് ജയിലിൽ ആയതിനാൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജയിലിൽ തന്നെയായിരിക്കും ചോദ്യം ചെയ്യൽ.

നേരത്തെയും ജയിൽ ജീവനക്കാർക്ക് എതിരെ ആകാശ് പ്രകോപനപരമായി പെരുമാറിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആകാശ് തില്ലങ്കേരിക്ക് ജയിലിൽ പ്രത്യേക പരിരക്ഷ ലഭിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. ഇതിനു പിന്നാലെയാണ് ആകാശ് ഫോൺ ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരനെ ജയിലിൽ വച്ച് മർദ്ദിച്ചത്.