പാലക്കാട്. സി.പി.എമ്മിലെ വിഭാഗീയതയിൽ ശക്തമായ നടപടി സ്വീകരിച്ച് നേതൃത്വം.പി.കെ ശശി ഉൾപെടെ 3 നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായേക്കും.വിഭാഗീയതയുടെ ഭാഗമായി നിന്ന 4 പേരെ കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പുരോഗമിക്കുന്ന യോഗത്തിലാണ് ജില്ലാ നേതാക്കൾക്ക് എതിരെയുളള നടപടി തീരുമാനിക്കുക
വിഭാഗീയത ശക്തമെന്ന് കണ്ടെത്തിയ ചേർപ്പുളശേരിയിലെ മാറ്റിനിർത്തലിന് പിന്നാലെയാണ് കൊല്ലങ്കോടും നടപടി.
വിഭാഗീയത സംബന്ധിച്ച് അന്വേഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനവൂർ നാഗപ്പൻ റിപ്പോർട്ടിൽ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശം നൽകിയിയിരുന്നു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി , വി.കെ ചന്ദ്രൻ , ജില്ലാ കമ്മറ്റി അംഗം സി കെ ചാമ്മുണി എന്നിവരാണ് വിഭാഗീയതക്ക് നേതൃത്വം നൽകിയത് എന്നാണ് കണ്ടെത്തൽ.ഈ നേതാക്കൾക്ക് എതിരെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നടപടി സംബന്ധിച്ച് തീരുമാനം എടുക്കനാണ് സാധ്യത.നടപടികളെക്കുറിച്ച് ഒന്നും പറയില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം,ജില്ലാ കമ്മറ്റി നടപടിയെക്കുറിച്ചറിയില്ലെന്ന് പികെ ശശിയും പറഞ്ഞു
ശക്തമായ വിഭാഗീയ പ്രശ്നങ്ങളുള്ള കൊല്ലംങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്നും 4 പേരെയാണ് പുറത്താക്കിയത്.പുതുനഗരം ലോക്കൽ സെക്രട്ടറി ടി എം അബ്ദുൽ ലത്തീഫ്, കൊല്ലംങ്കോട് ലോക്കൽ സെക്രട്ടറി കെ.സന്തോഷ്കുമാർ , നെന്മറയിൽ നിന്നുള്ള സതീ ഉണ്ണി , ടി.ജി അജിത്ത്കുമാർ എന്നിവരെയാണ് ഏരിയകമ്മറ്റിയിൽ നിന്നും പുറത്താക്കിയത്.ഏരിയ സമ്മേളനത്തിൽ മത്സരിച്ച് തോറ്റ മുൻ ഏരിയ സെക്രട്ടറി യു. അസീസ് ഉൾപെടെ 5 പേരെ തിരിച്ചെടുത്തു. 3 സംസ്ഥാന കമ്മറ്റി അംഗങ്ങളും , പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. മാറ്റിനിർത്തൽ നടപടിക്ക് എതിരെ പ്രദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും വിഭാഗീയത നീക്കങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.