കാസര്‍ഗോഡ്. കരിന്തളം ഗവ. കോളജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് നിയമനം നേടിയ കേസിൽ കെ. വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഈ മാസം 30ന് വീണ്ടും ഹാജരാകണമെന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചേർത്താണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
അഗളി പൊലീസിന് നൽകിയ മൊഴിക്ക് സമാനമായാണ് കെ.വിദ്യ നീലേശ്വരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലും കാര്യങ്ങൾ വിശദീകരിച്ചത്. ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും, തകരാറായതിനെ തുർന്ന് ഫോൺ ഉപേക്ഷിച്ചെന്നും വിദ്യ മൊഴി നൽകി. വ്യാജ രേഖ നിർമിക്കാൻ തനിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിച്ചു. തുടർന്ന് ഉച്ചയോടെ പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലുള്ള മൂന്ന് വകുപ്പുകൾക്കൊപ്പം തെളിവ് നശിപ്പിക്കൽ കൂടി ചേർത്തു. എന്നാൽ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകേണ്ടതില്ലെന്നായിരുന്നു പൊലീസിന്റെ തീരുമാനം. ചോദ്യം ചെയ്യലിനോട് വിദ്യ പൂർണമായും സഹകരിച്ചെന്നും, ഇനി കസ്റ്റഡി ആവശ്യമില്ലെന്നും അന്വേഷണ സംഘത്തിന്റെ വിശദീകരണം.
അഗളിയിലേതിന് സമാനമായി വിദ്യയുടെ മൊഴി നീലേശ്വരത്തും പൊലീസ് വിശ്വാസത്തിലെടുത്തു. അപ്പോഴും മഹാരാജാസ് കോളജിന്റെ സീൽ എങ്ങനെ ഫോണിൽ നിർമിച്ചുവെന്നത് ഉൾപ്പടെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുകയാണ്. കേസിൽ ഇനി എങ്ങനെ അന്വേഷണം മുന്നോട്ടു പോകുമെന്നതിൽ വ്യക്തതയുമില്ല