കണ്ണൂർ . കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കണ്ണൂർ സ്വദേശിനി രംഗത്ത്. മകൾക്ക് സ്കൂളിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് വീട്ടമ്മയായ സത്യവതിയുടെ പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായും സത്യവതി ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ വിജിലൻസ് കേസിലെ പരാതിക്കാരനും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 15 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശിനി സത്യവതി ആരോപിക്കുന്നു. മകൾക്ക് മൊറാഴ യുപി സ്കൂളിൽ ജോലി തരപ്പെടുത്താമെന്ന വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. 2018 ലാണ് പരാതിക്കാധാരമായ സംഭവം.
പണം തിരികെ ചോദിച്ചപ്പോൾ പ്രശാന്ത് ബാബു ഭീഷണിപ്പെടുത്തിയതായും സത്യവതി ആരോപിച്ചു.
കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കിയതിനാൽ കേസ് മുന്നോട്ട് പോയില്ല. എന്നാൽ പ്രശാന്ത് ബാബു വ്യവസ്ഥ പാലിക്കാതെ വഞ്ചിച്ചുവെന്നും സത്യവതി ആരോപിക്കുന്നു. അതേസമയം കെ സുധാകരനെതിരായ പരാതിയിൽ പ്രശാന്ത് ബാബുവിന്റെ മൊഴി വിജിലൻസ് ശനിയാഴ്ച രേഖപ്പെടുത്തും.