ശാസ്താംപാറയിലെ അതിശയക്കാഴ്ച

Advertisement

പശ്ചിമഘട്ടത്തിലെ പർവ്വത നിരകളുടെ പ്രവേശന കവാടമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയായ കാട്ടാക്കട. ഗ്രാമീണ മേഖലയിൽ വിനോദ സഞ്ചാരത്തിൻ്റെ വാതായനം തുറക്കുകയാണ് കാട്ടാക്കടയിലെ ശാസ്താംപാറ. തലസ്ഥാനത്ത് നിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ മനം മയക്കുന്ന കാഴ്ചകൾ ആവോളം ആസ്വദിക്കാം.

കാട്ടാക്കട കിള്ളിക്ക് സമീപം വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി ശാസ്താംപാറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത് 2010 ജൂലൈ 13ന് ആയിരുന്നു. ഒന്നര വർഷത്തിന് ശേഷം പദ്ധതി പ്രാവർത്തികമാക്കി സഞ്ചാരികൾക്കായി തുറന്ന് നൽകി. 400 അടിയിലേറെ ഉയരത്തിൽ എട്ടര ഏക്കറിലധികം വിസ്തൃതിയുള്ള ശാസ്താംപാറ ഇപ്പോൾ സഞ്ചരികളുടെ സ്വപ്ന ഭൂമിയായി കഴിഞ്ഞു.ഇവിടെ എത്തുന്ന ഏതൊരാളിൻ്റെയും കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചകളുടെ വിസ്തൃത ലോകമാണ് ഇവിടെത്തെ പ്രത്യേകത.

പ്രവേശന കവാടത്തിൽ നിന്നും പടിക്കെട്ടുകൾ കയറി ചെല്ലുന്നോൾ ഇടയ്ക്ക് ക്ഷീണമകറ്റാൻ കഫ്റ്റീരയ ക്രമീകരിച്ചിട്ടുണ്ട്. ചായ കോഫി, ചെറുകടികൾ, മിൽമാ ഉല്പന്നങ്ങൾ എന്നിവ ലഭ്യമാണ്. പാറയിടുക്കിനടുത്തു കൂടെ ചെറിയ കയറ്റം കൂടി കയറിയാൽ ശാസ്താംപാറയിലെത്താം. ഐതീഹ്യവുമായി ബന്ധപ്പെട്ട ഒരു സ്ഥലം കൂടിയാണിത്.ഹനുമാൻ്റെ കാലടികൾ ഈ പാറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് പഴമക്കാരുടെ വിശ്വാസം.
ശാസ്താംപാറയുടെ നെറുകയിൽ നിന്നാൽ തിരുവനന്തപുരം വിമാനത്താവളം, കടൽ, അഗസ്ത്യകൂടം, പൊൻമുടി, എന്നിവിടങ്ങളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാം.

വേനലിലും വറ്റാത്ത ഒരു കുളം ഇവിടെത്തെ അതിശയ കാഴ്ചകളിൽ ഉൾപ്പെടുന്നു.കുട്ടികളുടെ പാർക്കും, തമ്പുരാൻ ക്ഷേത്രവുമാണ് മറ്റ് കൗതുകങ്ങൾ. സദാ സമയവും വീശിയടിക്കുന്ന കുളിർ കാറ്റ് ക്ഷീണമകറ്റുമാൻ ഉതകുന്നതാണ്.ഇവിടെ നിന്നാൽ കാണാൻ കഴിയുന്ന കടുംമ്പൂപാറയിലേക്ക് റോപ്പ് വേ നിർമ്മിക്കാൻ ശ്രമം നടന്നെങ്കിലും വൈദ്യുതി വകുപ്പിൻ്റെ അനുമതി കിട്ടാത്തതിനാൽ പ്രാവർത്തികമായില്ല. വൈകുന്നേരമാണ് സഞ്ചാരത്തിന് പറ്റിയ സമയം. ടൂറിസം വകുപ്പിന് കീഴിൽ 2 സെക്യൂരിറ്റി സ്റ്റാഫും 3 ക്ലീനിംഗ് സ്റ്റാഫും ഇവിടെ ജോലി ചെയ്യുന്നു.20 രൂപയാണ് പ്രവേശന ഫീസ്.

Advertisement