തിരുവനന്തപുരം. കായംകുളം എം എസ് എം കോളജിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് നിഖിലിനെതിരായ നടപടി.
സർവകലാശാല ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതോടെ നിഖിൽ തോമസിന് ഇനി കേരള സർവകലാശാലയിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് സർവകലാശാലയുടെ കടുത്ത നടപടി. എം എസ്. എം കോളജ് അധികൃതരെ വിളിച്ചു വരുത്തി വിശദീകരണം തേടാനും സിൻഡിക്കേറ്റ് തീരുമാനമുണ്ടായി.
ഇതിനായി സർവകലാശാല രജിസ്ട്രാർ , പരീക്ഷ കൺട്രോളർ തുടങ്ങിയവരടങ്ങുന്ന സമിതി രൂപികരിച്ചു. സർവകലാശാലയിലെത്തുന്ന സർടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സെൽ ആരംഭിച്ചെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കുമെന്നും സർവകലാശാല വ്യക്തമാക്കി