കായംകുളം: ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ഉടലടെുത്ത ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരേ സിപിഎം നേതൃത്വം നിയമ നടപടി തുടങ്ങി. കായംകുളത്തെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകള്‍ക്കെതിരേ ആലപ്പുഴ ഏരിയ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിക്കഴിഞ്ഞു.
നിഖിൽ തോമസിന് ഒരു എഫ് ബി അക്കൗണ്ടുമായി ബന്ധമുണ്ടെന്നാണ് സിപിഎം ആരോപണം. ഇതിന് നേരിട്ട് തെളിവ് ലഭിച്ചെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. പാർട്ടിക്കുള്ളിലെ വർഗ വഞ്ചകർ വിവരങ്ങൾ ചോർത്തി നൽകുന്നു എന്നും ആരോപണം. ഇവരെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
കായംകുളത്തിന്റെ വിപ്ലവവും ചെമ്പട കായംകുളവും സിപിഎമ്മിലെ രഹസ്യങ്ങള്‍ എന്ന പേരിൽ പല വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്. നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കെ.എച്ച്. ബാബുജാനു പങ്കുണ്ടെന്ന ഗുരുതര ആരോപണങ്ങൾ അടക്കം ഇവർ പുറത്തുവിട്ടിരുന്നു.
സിപിഎമ്മിനു മാത്രമല്ല, പോഷക സംഘടനകളായ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കുമെല്ലാം ഈ ഗ്രൂപ്പുകൾ തലവേദനയായിക്കഴിഞ്ഞു. നേതാക്കളുടെ ഗൂപ്പിസം, അവിഹിതം, ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങിയവയൊക്കെയാണ് ഗ്രൂപ്പുകളുടെ ഇഷ്ട വിഷയങ്ങൾ. പേരും പാർട്ടിയിലെ പദവിയും തുറന്നു പറഞ്ഞു തന്നെയാണ് വെളിപ്പെടുത്തലുകൾ. അടുത്ത കാലത്ത് ജില്ലയിലെ പല പ്രമുഖ നേതാക്കളും ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.