‘പയ്യനല്ലേ, പോട്ടെന്ന് കരുതി’; ഒടുവിൽ മകളുടെ വിവാഹ മുഹൂർത്തസമയത്ത് അച്ഛന്‍റെ മൃതദേഹം, വിതുമ്പി നാട്…

Advertisement

വർക്കല: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയത് വിവാഹത്തിന് ഒരുങ്ങി നിന്ന വധുവിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെന്ന് ബന്ധുക്കള്‍. മകളുടെ വിവാഹ ദിനത്തിൽ ഒരു നാടിനെയാകെ വേദനയിലാക്കി വധുവിന്‍റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തെത്തിയതെന്നാണ് നാട്ടുകാരും പറയുന്നത്.

വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് ഇന്നലെ അർദ്ധരാത്രിയോടെ വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

മകളെ വിവാഹം കഴിച്ച് തരണമെന്നാവശ്യപ്പെട്ട് ജിഷ്ണു നേരത്തെ രാജുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. വിവാഹാലോചന നിരസിച്ചതിനെ പേരിൽ നേരത്തെയും രാജുവിനെതിരെ പ്രതികള്‍ വെല്ലുവിളിയും ഭീഷണിയും മുഴക്കിയിരുന്നു. പൊലീസിൽ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും അന്ന് രാജു അതിന് തയ്യാറായില്ല. യുവാക്കളല്ലേ, പോട്ടെ അവരുടെ ഭാവിയെ കരുതി കേസ് വേണ്ടെന്നാണ് രാജു പറഞ്ഞിരുന്നത്, അത്രയ്ക്ക് കരുതലോടെയാണ് അദ്ദേഹം എല്ലാവരെയും കണ്ടത്- ബന്ധുക്കള്‍ പറയുന്നു.

പ്രതികളായ ജിഷ്ണുവും ജിജിനും നേരത്തെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. അതുകൊണ്ടാണ് വിവാഹ അഭ്യർത്ഥന നിരസിച്ചത്. എന്നാൽ പകയോടെ കാത്തിരുന്ന ഇത്തരമൊരു ക്രൂരത കാട്ടുമെന്ന് കരുതിയില്ലെന്നാണ് നാട്ടുകാരും പറയുന്നത്. മകളുടെ വിവാഹം ഏറെ ആഗ്രഹത്തോടെയും സന്തോഷത്തോടെയുമായിരുന്നു രാജു നടത്താൻ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. വീട് പെയിന്‍റടിക്കുകയും അലങ്കരിക്കുകയും ചെയ്ത് ഇന്ന് മുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ സന്തോഷം തല്ലിക്കെടുത്തിയാണ് യുവാക്കളുടെ കൊടും ക്രൂരതയെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ 10.30 രാജുവിന്‍റെ മകള്‍ കൾ ശ്രീലക്ഷ്മിയുടെ വിവാഹം കഴിയേണ്ടതാണ്, എന്നാൽ മകളുടെ താലികെട്ട് മുഹൂർത്തത്തില്‍ പന്തലിലേക്കെത്തിയത് അച്ഛന്‍റെ മൃതദേഹമാണ്.

ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. ഈ സമയത്ത് സ്ത്രീകളായിരുന്നു അധികവും വീട്ടിലുണ്ടായിരുന്നത്. ബഹളം വെച്ച പ്രതികള്‍ വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു, ഇത് കണ്ട് തടയാനെത്തിയ വധുവിന്‍റെ അമ്മയെയും സംഘം ആക്രമിച്ചു. ഇതോടെ ശ്രീലക്ഷ്മിയുടെ അച്ഛന്‍ ഓടിയെത്തി തടഞ്ഞതോടെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

വീട്ടിൽ പുരുഷന്മാർ ആധികമില്ലെന്ന് ഉറപ്പ് വരുത്തിയാണ് ജിഷ്ണുവും സംഘവുമെത്തിയത്. പിടിവലിക്കിടെ തൂമ്പകൊണ്ട് പ്രതികള്‍ രാജുവിനെ അടിച്ച് വീഴ്ത്തി, കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സംഘർഷത്തിൽ വീട്ടിലുണ്ടായിരുന്ന കസേരയടക്കം തകർത്തു. തെറിച്ച് വീണ രാജുവിന്‍റെ ചെരുപ്പുകള്‍ വിവാഹവേദിക്ക് അരികിൽ ചെളിയിൽ പുതഞ്ഞ് നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിന് ശേഷവും പ്രതികള്‍ രാജുവിനെ പിന്തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതികള്‍ പിന്നാലെയെത്തി. മരണം ഉറപ്പിച്ച ശേഷമാണ് പിന്മാറിയത്. ഇതിന് പിന്നാലെയാണ് നാട്ടുകാർ ഇവരെ പിടികൂടിയതെന്ന് വർക്കല പൊലീസും അറിയിച്ചു.

Advertisement