6 വർഷം പ്രണയം, വിവാഹ നിശ്ചയം ചോദ്യം ചെയ്തപ്പോൾ അസഭ്യം: വൃന്ദയുടെ ആത്മഹത്യയിൽ കൊട്ടാരക്കരയിൽ സൈനികൻ അറസ്റ്റിൽ

Advertisement

കൊട്ടാരക്കര: യുവതിയുടെ ആത്മഹത്യയിൽ സൂഹൃത്തായ സൈനികൻ അറസ്റ്റിൽ. കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ ശ്രീലതയുടെ മകൾ വൃന്ദാ രാജി(24)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സുഹൃത്തും കാമുകനുമായിരുന്ന സൈനികനുമായ കോട്ടാത്തല സരിഗ ജംക്​ഷനിൽ കൃഷ്ണാഞ്ചലിയിൽ കൃഷ്ണൻകുട്ടിനായരുടെ മകൻ അനുകൃഷ്ണനെ (27) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദ കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെത്തിയിരുന്നു.

പെൺകുട്ടിയുമായി അനു ആറു വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പറയുന്നു. എന്നാൽ ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയം നടത്തുകയും ചെയ്തു. അതിനെക്കുറിച്ച് പെൺകുട്ടി ചോദിച്ചപ്പോൾ വാട്സാപ്പ് മെസജിലൂടെ അസഭ്യം പറയുകയും അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തതായി പറയുന്നു.

അനു കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. ഇയാളുടെ മൊബൈൽ ഫോണിൽനിന്നും പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മെസേജുകളും തുടർച്ചയായി പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരണ നൽകുന്ന മെസജുകളും പൊലീസ് റിക്കവർ ചെയ്തു. കൊട്ടാരക്കര എസ്എച്ച്ഒ വി.എസ്.പ്രശാന്ത്, ഗോപകുമാർ.ജി, ടി.ബാലാജി, ടി.അജയകുമാർ, എസ്ഐ സുദർശന കുമാർ, സിപിഒ സഹിൽ, സിപിഒ നഹാസ് എന്നിരടങ്ങുന്ന സംഘമാണ് സൈബർ തെളിവുകൾ ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement