കായംകുളം വാളായി മാറിയ സിപിഎം സൈബര്‍ പോരാട്ടം

Advertisement

കായംകുളം. കായംകുളം വാളുപോലെ ഇരുതല മൂര്‍ച്ചയുമായി മേഖലയിലെ സിപിഎം സൈബര്‍ പോരാട്ടം. പാര്‍ട്ടിക്ക് പോലും നിയന്ത്രിക്കാനാവാതെ പാര്‍ട്ടിക്ക് അകത്തും പുറത്തും മുറിവേല്‍പ്പിച്ച് അത് മുന്നേറുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സിപിഎമ്മിനെ വെട്ടിലാക്കിയാണ് സൈബർ പോരാട്ടം മുന്നേറുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും
സർവകലാശാല സിൻഡിക്കേറ്റംഗവുമായ കെ എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ വന്നതോടെ പലഗ്രൂപ്പുകളും പാര്‍ട്ടി വരുതിയിലല്ലെന്ന ധാരണ പടര്‍ന്നു കഴിഞ്ഞു.
വ്യാജ ഡിഗ്രിക്ക്‌ പിന്നിൽ പാര്‍ട്ടി നേതാവ് ബാബുജാനെന്നാണ് പ്രധാന ആരോപണം. ബാബുജാൻ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന പോസ്റ്റിലെ പരാമർശം പലരെയും ഞെട്ടിച്ചിരിക്കയാണ്. എഫ്.ബി. അക്കൗണ്ടുകൾക്കെതിരെ സി.പിഎം നേതൃത്വം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

പാര്‍ട്ടിക്കകത്തെ എതിയും പുളിയുമുള്ള കഥകള്‍ നേതാക്കളുടെ അഴിമതി വ്യക്തമാക്കി സി.പിഎമ്മിലെ രണ്ടു ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്ന ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. ഇത്തവണ കെ എച്ച് ബാബുജാനേ ഉന്നം വെച്ചാണ് ചെമ്പട കായംകുളത്തിന്റെ FB പോസ്റ്റ്‌. വ്യാജ സർട്ടിഫിക്കറ്റ് കേസ് വഴി തെറ്റാൻ കാരണം ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്നും നിഖിലിൻ്റെ ഫോൺ കിട്ടിയാൽ കൂടുതല്‍ തട്ടിപ്പുകള്‍ തെളിയുമെന്നും പോസ്റ്റില്‍ പറയുന്നു.
വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റില്‍ എല്ലാ സഹായവും ചെയ്തത് ബാബുജാനാണ്. തുല്യതാ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി. മാനേജറെ സ്വാധീനിച്ച് എം.കോമിന് പ്രവേശനം നേടിക്കൊടുത്തു. കായംകുളം പാര്‍ട്ടി ഓഫീസ് അസിസ്റ്റന്‍റ് സെക്രട്ടറിയായി നിഖിലിനെ നിയമിച്ചു. ഇങ്ങനെ നീളുന്നു ആരോപണങ്ങള്‍. മറ്റൊരു നേതാവിന് എല്‍.എല്‍.എം പ്രവേശനം ലഭിച്ചതില്‍ അന്വേഷണം വേണമെന്നും കായംകുളത്തെ ചെമ്പട എന്ന പേജിലെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.
നിഖിലന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന്
ആദ്യം പുറത്തുവിട്ടതും കായംകുളത്തെ ഒരു വിഭാഗം സി.പിഎം പ്രവര്‍ത്തര്‍ നിയന്തിക്കുന്ന ചെമ്പ ടയിലൂടെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വിപിൻ സി ബാബുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു ആഞ്ഞടിച്ചതും മറ്റൊരു അക്കൗണ്ട്ആയ കായംകുളത്തിന്റെ വിപ്ലവത്തിലൂടെയായിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി രൂപീകരിച്ച സൈബർ സംഘങ്ങൾ പാർട്ടിക്ക് ഇരുതലമൂര്‍ച്ചയുള്ള കായംകുളം വാളായി മാറി എന്നതാണ് നിലവിലെ പ്രതിസന്ധി.

Advertisement