കൊച്ചി. മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച് പി ഡി പി നേതാവ്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറാണ് സന്ദേശങ്ങളയച്ചത്. സംഭവത്തിൽ മാധ്യമപ്രവര്‍ത്തക പോലീസിൽ പരാതി നൽകി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ നാസർ മദനിക്കൊപ്പമുള്ള പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറാണ് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചത്. മദനിയുടെ ആരോഗ്യ കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാൻ എന്ന പേരിലാണ് മുതിര്‍ന്ന നേതാവ് കൂടിയായ ഇയാള്‍ ഫോണ്‍ നമ്പരുകള്‍ കൈപ്പറ്റിയത്. ആദ്യം വാർത്ത സമ്മേളങ്ങൾ അറിയിച്ചിരുന്ന വ്യക്തി പിന്നീട് അശ്ലീല ചുവയോടെയുള്ള സംസാരം ആരംഭിക്കുകയായിരുന്നു.
സന്ദേശങ്ങൾ അതിരു കടന്നപ്പോൾ മാധ്യമപ്രവർത്തക വിലക്കി. ഇതോടെ ക്ഷമാപണം നടത്തിയെങ്കിലും സന്ദേശങ്ങൾ വീണ്ടും പരിധി കടന്നു. അതേസമയം പ്രശ്നത്തില്‍ നിസാര്‍ മേത്തറെ തള്ളി പിഡിപി നേതൃത്വം രംഗത്തെത്തി.
ഇതിനിടെ പിഡിപി നേതാവിന്റെ പെരുമാറ്റത്തിനെതിരെ മാധ്യമ പ്രവർത്തക പോലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർക്കാണ് പരാതി നൽകിയത്. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.