തിരുവല്ല: സാൽവേഷൻ ആർമി സംസ്ഥാനാധിപൻ പ്രഖ്യാപിച്ച കവടിയാർ മാനിഫെസ്റ്റോയുടെ ഭാഗമായുള്ള സംസ്ഥാന തല പദയാത്രയ്ക്ക് തിരുവല്ലയിൽ ഊഷ്മള വരവേല്പ് നൽകി.
തിരുവല്ല ഡിവിഷൻ മുഖ്യസ്ഥാനത്ത് എത്തിച്ചേർന്ന സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി എന്നിവർക്കും മറ്റ് ടീം അംഗങ്ങൾക്കും ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോണിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണത്തിന് സംസ്ഥാന നേതാക്കൾ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ സജു ഡാനിയേൽ കവടിയാർ മാനിഫെസ്റ്റോയിലൂടെ ജനങ്ങളെ അടുത്തറിയാൻ സംസ്ഥാന നേതാക്കൾ നടത്തുന്ന പരിശ്രമങ്ങളെപ്പറ്റി സംസാരിച്ചു. പദയാത്ര സംഘാംഗങ്ങളായ സംസ്ഥാന യൂത്ത് സെക്രട്ടറി അജേഷ് കുമാർ ജോസഫ്, മേജർ ജസ്റ്റിൻ രാജ്, എബനേസർ ഐസക്ക് എന്നിവർ സംസാരിച്ചു. മേജർ ആനി ജോൺ, ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ റെജി എം എസ് എന്നിവർ പങ്കെടുത്തു.
ഡിവിഷണൽ കമാൻഡർ മേജർ ഒ പി പ്രാർത്ഥിച്ചു.
തുടർന്ന് കാട്ടൂക്കര എസ് എ എൽ പി എസ്, കീഴുകര, അയിരൂർ, നാരങ്ങാനം, ഇടത്തറ മൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
നാളെ രാവിലെ ആലംതുരുത്തിയിൽ ആരംഭിക്കുന്ന പര്യടനം കുറ്റപ്പുഴ, ഓതറ ,വെൺപാല,
വളഞ്ഞവട്ടം, നിരണം, കൊമ്പൻ കേരി, മൺ കോട്ട, മാമ്പുഴക്കേരി, മുട്ടാർ ,മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിക്കും. ജൂലൈ ഒന്നിന് കോതാറ, വള്ളമല ,അമരക്കുന്ന്, ഞാറയ്ക്കാപ്പള്ളി, മാടപ്പള്ളി, വാകത്താനം പുതുച്ചിറ, കണിച്ചുകുളം ,വെള്ളാംപൊയ്ക, പരിയാരം, മുണ്ടിയപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് ആഞ്ഞിലിത്താനത്ത് സമാപനം.
ജൂലൈ 2 ന് രാവിലെ 7.30 ന് സെൻട്രൽ ചർച്ചിൽ സാൽവേഷൻ ആർമി 159-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനധിപൻ പതാക ഉയർത്തും. തുടർന്ന് കോട്ടൂർ, കീഴ് വായ്പൂർ, വെണ്ണിക്കുളം, മടത്തും ഭാഗം എന്നിവിടങ്ങൾ സന്ദർശിച്ച് ഉച്ചയ്ക്ക് കടപ്രയിൽ സമാപിക്കും.
പാറശാല മുതൽ മലബാർ വരെയുള്ള സാൽവേഷൻ ആർമിയുടെ ദേവാലയങ്ങളും, സ്ഥാപനങ്ങളും സന്ദർശിച്ച് സഭാ അംഗങ്ങളെ നേരിൽ കാണുന്നതിനുമായിട്ടാണ് പര്യടനം സംഘടിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട ,കോട്ടയം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന
തിരുവല്ല ഡിവിഷനിലെ 33 ദേവാലയങ്ങളും 6 സ്ഥാപനങ്ങളും സന്ദർശിക്കും.