കൊച്ചി. പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയും തള്ളി.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കണ്ടെത്തലുകൾ നിലനിൽക്കുമെന്ന് ജസ്റ്റിസ് വി ജി അരുണിൻ്റെ ബഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി കൂടി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഷാജൻ സ്കറിയയുടെ അറസ്റ്റിനും കളമൊരുങ്ങിയിരിക്കുകയാണ്
കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജിനെതിരെ അപകീർത്തികരമായ വ്യാജവാർത്തകൾ നൽകിയെന്ന കേസിലാണ് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി ഉണ്ടായത്.ഷാജനെതിരെ ചുമത്തിയ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകൻ്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം കേസിൽ നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമായിരുന്നു ജസ്റ്റിസ് വി ജി അരുണിൻ്റെ ബെഞ്ച് പറഞ്ഞത്.നേരത്തെ ജാമ്യ ഹർജിയിൽ വാദം നടക്കുമ്പോൾ ഷാജൻ സ്കറിയയുടേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഷാജൻ സ്കറിയയുടെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലിസ് ശക്തമാക്കി. ഷാജൻ സ്കറിയ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി. ആൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഷാജൻ്റ ഫോൺ നമ്പരുകളും സ്വിച്ച് ഡ് ഓഫ് ആണ്. ഷാജന്‍ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകി. അതേ സമയം മുൻകൂർ ജാമ്യഹർജിയുമായി ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.