പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

Advertisement

കൊച്ചി . ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട്
സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഇടപെടല്‍. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റര്‍ കെ.വി ഷാജി സമർപ്പിച്ച കോടതി അലക്ഷ്യഹർജിയിൽ
പി.വി അൻവർ എംഎൽഎയും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ എംഎൽഎയായ അൻവറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധികഴിഞ്ഞ് ഒന്നര വർഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനോട് വിശദീകരണം തേടി. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം.

പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാൽ അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോർഡ്, താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവും നടപ്പായിരുന്നില്ല.

Advertisement