സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയതനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് നഗര റോഡിൽ 50 കീലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കീലോമീറ്റർ വരെയാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 110 കീലോമീറ്റർ, 4 വരി ദേശീയപാതയിൽ 100 കീ.മീ, മറ്റ് ദേശീയ പാത, നാലുവരി സംസ്ഥാനപാത എന്നിവിടങ്ങളിൽ 90 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കീ.മീ, മറ്റു റോഡുകളിൽ 70 കീ.മീ, നഗര റോഡുകളിൽ 50 കീ.മീ എന്നിങ്ങനെയാണ് പരമാവധി വേഗപരിധി.

9 സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 95 കീ.മീ, 4 വരി ദേശീയപാതയിൽ 90 കീ.മീ, മറ്റ് ദേശീയ പാതകളിൽ 85 കീ.മീ, 4 സംസ്ഥാനപാത 80 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70 കീ.മീ, മറ്റു റോഡുകളിൽ 60 കീ.മീ, നഗര റോഡുകളിൽ 50 കീ.മീ എന്നിങ്ങനെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതയിൽ 80 കീ.മീ, മറ്റ് ദേശീയ പാതകളിലും, 4 സംസ്ഥാനപാതകളിലും 70 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കീ.മീ, മറ്റു റോഡുകളിൽ 60 കീ.മീ, നഗര റോഡുകളിൽ 50 കീ.മീറ്റും ആയിരിക്കും. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗം 50 കീലോമീറ്ററാണ്.