വിവാഹത്തലേന്ന് വധുവിന്‍റെ പിതാവിനെ കൊലപെടുത്തിയ കേസില്‍ പ്രതികൾക്ക് വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Advertisement

വർക്കല. മകളുടെ വിവാഹത്തലേന്ന് പിതാവിനെ കൊലപെടുത്തിയ കേസിൽ പ്രതികൾക്ക് വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച മുതലാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും നേരത്തെ പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
ജിഷ്ണു സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ മനു,ശ്യാം എന്നിവരാണ് പ്രതികൾ.കൊല നടത്തിയ ജിജിനാണ് കേസിൽ ഒന്നാംപ്രതി.കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം ചെയ്തു നൽകണമെന്ന് ജിഷ്ണുവിന്റെ ആവശ്യം നിരാകരിച്ചതിനായിരുന്നു ഗൃഹനാഥനെ കൊലപ്പെടുത്തിയത്.ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

മകളുടെ വിവാഹം കാണാന്‍ കൊതിച്ച അച്ഛനാണ്, വീട്ടിലെ പന്തലില്‍ മണ്‍വെട്ടികൊണ്ട് അടിയേറ്റ് പിടഞ്ഞുവീണത്. കല്യാണ വീട് വിവാഹദിനത്തില്‍ മരണവീടായി. വിവാഹത്തലേന്നത്തെ സല്‍ക്കാര പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെ മണ്‍വെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി

പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവര്‍ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.

Advertisement