കെ സുധാകരനെ കൊല്ലാന്‍ സിപിഎം വാടകക്കൊലയാളികളെ അയച്ചിരുന്നു, ഗുരുതര വെളിപ്പെടുത്തലുമായി ജി ശക്തിധരന്‍

Advertisement

തിരുവനന്തപുരം.മറുപടി പറയിച്ചേ മാറൂ, സിപിഎം നേതൃത്വത്തെ ലക്ഷ്യമിട്ട് പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും ജി ശക്തിധരന്‍. കെ സുധാകരനെ കൊല്ലാന്‍ സിപിഎം വാടകക്കൊലയാളികളെ അയച്ചിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലാണ് ശക്തിധരന്‍ ഇന്ന് നടത്തിയിരിക്കുന്നത്. നെതർലന്‍റ്സ് സന്ദർശിച്ച പാർട്ടി നേതാവ് കൂലിപ്പടയെ ഒപ്പം കൂട്ടിയിരുന്നതായും ശക്തിധരന്‍റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.

സിപിഎം ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ജി ശക്തിധരന്‍റെ പുതിയ ആരോപണങ്ങള്‍. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം വാടകക്കൊലയാളികളെ അയച്ചിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിലെത്തിയെന്നും വാടകക്കൊലയാളി സംഘത്തിലെ ഒരാള്‍ വിവരം ചോർത്തിയത് കൊണ്ട് കെ സുധാകരന്‍ തലനാഴിക്ക് രക്ഷപ്പെട്ടുവെന്നും ജി ശക്തിധരന്റെ കുറിപ്പ്.

കെ സുധാകരൻ കൊല്ലപ്പെടേണ്ടവൻ തന്നെയാണെന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിക്കാൻ സിപിഎമ്മിന് ആയിട്ടുണ്ട്. ജയിലിൽ കിടക്കുന്ന സുധാകരനാകും പുറത്തു നിൽക്കുന്ന സുധാകരനേക്കാൾ അപകടകാരിയെന്ന സത്യം അൽപ്പബുദ്ധികൾക്കു മനസിലാകുന്നല്ല എന്ന് പരിഹാസം. കുടുംബസമേതം നെതർലന്‍റ്സ് സന്ദർശിച്ച പാർട്ടി നേതാവ് കൂലിപ്പടയെ ഒപ്പം കൂട്ടിയിരുന്നുവെന്നും ഫേസ്ബുക്കിലൂടെ ജി ശക്തിധരൻ ആരോപിക്കുന്നു. കൂലിപ്പടയെ വാടകക്കെടുക്കാന്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സി ചെലവഴിച്ചു. വിദേശത്ത് കൂലിപ്പട്ടാളത്തെ വിളിച്ചു വരുത്തിയത് എന്തിനെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് അന്വേഷിച്ചോ എന്ന ചോദ്യവും ജി ശക്തിധരന്‍ ഉന്നയിക്കുന്നു. ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.

സിപിഎമ്മിന് തന്നെ കൊല്ലാനാവില്ല, താന്‍ ദൈവവിശ്വാസിയാണെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. സിപിഎം തന്നെ ഒരുപാട് തവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു, പുതിയ വെളിപ്പെടുത്തലില്‍ പൊലീസ് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, നിയമ നടപടി ആലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു

മറുപടി പറയാന്‍ സിപിഎം നേതൃത്വം നിർബന്ധിതമാകും വിധം ഗുരുതര സ്വഭാവമുളളവയാണ് ജി ശക്തിധരന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍. ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിക്കുമെന്ന് ഇന്നലെ ജി ശക്തിധരൻ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ

Advertisement