തൃശ്ശൂർ. കേരളം ലജ്ജിക്കുക, സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്ന കുടുംബിനിയെ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം തടവിലിട്ടത് 72നാള്‍ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ ലഹരിക്കേസിൽ എക്സൈസിന് ഗുരുതര വീഴ്ച. എക്സൈസ് പിടികൂടിയത് ലഹരിമരുന്നല്ലെന്ന് ലാബ് പരിശോധനാ ഫലത്തിൽ തെളിഞ്ഞു. ഇതോടെ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലറിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെന്നാണ് എക്സൈസിന്റെ വാദം. പരിശോധനയുടെ ഫലം ഇന്നലെ പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ ഷീല 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയെ പിടികൂടിയെന്നും പാർലറിൽ വരുന്ന യുവതികൾക്ക് ലഹരി വിൽപ്പന നടത്താനാണ് സ്റ്റാമ്പ് സൂക്ഷിച്ചതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. പിടിച്ചെടുത്തത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ എക്സൈസ് വകുപ്പും വെട്ടിലായിരിക്കുകയാണ്. ഇവരെ പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുവാനാണ് ഷീലയുടെ തീരുമാനം. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട കോടതി സമീപിക്കാനാണ്. ഷീലയുടെ നീക്കം.
ഷീലയുടെ ബാഗില്‍ ഒരു വശത്ത് കീറി ഒരു അറയാക്കി അതിലായിരുന്നു സ്റ്റാമ്പ് എന്നുപറയുന്ന സാധനം നിക്ഷേപിച്ചിരുന്നത്. ഈ കീറല്‍ ഷീലയുടെ പക്കല്‍ നിന്നും ഒരു കത്രികവാങ്ങി വലുതാക്കിയാണ് ഉദ്യോഗസ്ഥന്‍ സ്റ്റാമ്പ് എടുത്തത്. വാഹനത്തിന്‍റെ ഡാഷിലും ഇതേ പോലെ സൂക്ഷിച്ചിരുന്നു.ഉദ്യോഗസ്ഥന്‍ കിട്ടിയ വിവരമനുസരിച്ച് കൃത്യമായി ഈ ഭാഗം മാത്രമാണ് പരിശോധിച്ചത്. ആരെങ്കിലും ചതിച്ചതാണോ എന്നോ നേരത്തേ ഇത്തരം ഒരു പശ്ചാത്തലം ഇല്ലെന്നതോ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല.
സമാനമായ മറ്റഒരു കേസില്‍ ഭാര്യ ഭര്‍ത്താവിനെ കുടുക്കാന്‍ ശരിക്കുള്ള മയക്കുമരുന്നുവച്ചത് പോലും ഉദ്യോഗസ്ഥര്‍ കൃത്യമായ അന്വേഷണം നടത്തിയതിനാല്‍ കണ്ടെത്തി യഥാര്‍ഥ പ്രതികളെ പിടികൂടിയിരുന്നു. ഇവിടെ കടുത്ത നീതിനിഷേധമാണ് ഷീലക്കുണ്ടായത്. തന്‍റെ ജീവിതം പാടേ തകര്‍ന്നുപോയെന്ന് ഇവര്‍ പറയുന്നു.