തിരുവനന്തപുരം: തന്‍റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.