കാസര്‍ഗോഡ്.കരിന്തളം ഗവ. കോളജിൽ അധ്യാപക നിയമനത്തിന് വ്യാജ രേഖ ചമച്ച കേസിൽ കെ.വിദ്യക്ക് ജാമ്യം. ഉപാധികളോടെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ അഗളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് കോടതിയും വിദ്യക്ക് ജാമ്യം നൽകിയിരുന്നു
കേസിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി കെ. വിദ്യക്ക് ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ പൊലീസ് നടത്തിയത് മാധ്യമങ്ങളെ ബോധ്യപ്പെടുത്താനുള്ള അന്വേഷണ നടപടികൾ മാത്രമാണെന്ന് പ്രതിഭാഗം മറുവാദം ഉയർത്തി. അഗളിയിലെ സമാനമായ കേസിൽ കോടതി ജാമ്യം നൽകിയിരുന്നുവെന്നും വിദ്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസിൽ നടക്കുന്നത് മാധ്യമ, രാഷ്ട്രീയ അജണ്ടയാണെന്ന് കെ.വിദ്യ പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിദ്യ പറഞ്ഞു
വിദ്യ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും, ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് കോടതിയിൽ വീണ്ടും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് വാദങ്ങൾ കൂടി തള്ളുന്നതായിരുന്നു കോടതി ഉത്തരവ്