ആനയറയിൽ വഴിമുടക്കിയ ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്യാന്‍ നടപടി

Advertisement

തിരുവനന്തപുരം. ആനയറയിൽ 150 ഓളം കുടുംബങ്ങളുടെ വഴിമുടക്കിയ ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈപ്പുകൾ വലിച്ചുകൊണ്ടുപോകാനുള്ള യന്ത്രത്തിൽ ഘടിപ്പിക്കേണ്ട റൊട്ടേഷൻ ബെയറിങ്ങുകൾ ആനയറയിൽ എത്തിച്ചു. ചൈനയിൽ നിന്ന് ചെന്നൈയിൽ എത്തിച്ച യന്ത്ര ഭാഗം മൂന്ന് ട്രെയിലുകൾ നടത്തിയതിനുശേഷം ആണ് ഇന്നലെ രാത്രിയോടെ ആനയറയിൽ എത്തിച്ചത്.

പൈപ്പുകൾ ഭൂമിക്കടിയിലൂടെ വലിച്ചുകൊണ്ടുപോകാനുള്ള യന്ത്രം തകരാറിലായതോടെയാണ് ആനയറിയിൽ വീടുകൾക്ക് മുന്നിൽ തള്ളിയ കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്യാൻ കഴിയാതായത്. പിന്നാലെ ചൈനയിൽ നിന്ന് ചെന്നൈയിൽ എത്തിച്ച യന്ത്ര ഭാഗങ്ങൾ വെള്ളിയാഴ്ചയോടെ ആനയറയിൽ എത്തിക്കും എന്നായിരുന്നു നേരത്തെ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ചെന്നൈയിൽ നടന്ന ട്രയൽ പരാജയപ്പെട്ടതോടെ വെള്ളിയാഴ്ച യന്ത്ര ഭാഗം ആനയറയിൽ എത്തിക്കാൻ സാധിച്ചില്ല. വീണ്ടും ട്രെയിലുകൾ നടത്തിയതിനു ശേഷം ആണ് ഇന്നലെ രാത്രിയോടെ റൊട്ടേഷൻ ബെയറിങ്ങുകൾ ആനയറയിൽ എത്തിച്ചത്. ബെയറിങ്ങുകൾ രാത്രിയിൽ തന്നെ യന്ത്രത്തിൽ ഘടിപ്പിച്ചു.

24 മണിക്കൂറും പ്രവർത്തനങ്ങൾ നടത്തി എത്രയും വേഗം പൈപ്പുകൾ നീക്കം ചെയ്യാനാണ് ശ്രമം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എഞ്ചിനീയർമാരുടെ പ്രത്യേക ടീമും രൂപീകരിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ മലിനജന സംസ്കരണപ്ലാന്റുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ പൈപ്പുകൾ വീടുകൾക്ക് മുന്നിൽ തള്ളിയിട്ട് ഇന്ന് 110 ദിവസമായി.

മൂന്ന് മാസത്തെ ദുരിതം അധികം വൈകാതെ അവസാനിക്കും എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.