കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ഫറോക്ക് പുതിയ പാലത്തിൽനിന്ന് പുഴയിൽ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചിൽ തുടരുകയാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചു കിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വർഷയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറിൽ പിടിക്കാനായില്ല. എല്ലാവരും നോക്കിനിൽക്കെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു.
രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള റജിസ്റ്റർ വിവാഹം.
കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി ഫറോക്ക് എസിപി എ.എം.സിദ്ദിഖ് പറഞ്ഞു. ഇവർ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ജിതിനായി തിരച്ചിൽ നടത്തുന്നത്.