ബ്യുട്ടി പാർലർ ഉടമ ഷീലയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം, വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് മൊഴി

Advertisement

ചാലക്കുടി. ബ്യുട്ടി പാർലർ ഉടമ ഷീലയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം. വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്റെ മൊഴി. കേസിൽ സംശയമുള്ള ബന്ധു ബാംഗ്ലൂരിലാണെന്നും ഇവർ ഒളിവിലാണെന്നും അന്വേഷണസംഘം. അതേസമയം ഷീല സണ്ണി നിരപരാധി ആണെന്ന് കോടതി അറിയിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.അന്നത്തെ എക്സൈസ് ഉദ്യോഗസ്ഥനായ സതീശനെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടിയതായി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകളുടെ വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.

സംഭവത്തിൽ ബാംഗ്ലൂരിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഷീല നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് ആദ്യഘട്ടത്തിൽ അംഗീകരിക്കാൻ എക്സൈസ് തയ്യാറായിരുന്നില്ല. തുടർന്ന് വാർത്തകൾ പുറത്തുവന്നതോടെ എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇന്റർനെറ്റ് കോൾ വഴിയാണ് വിവരം ലഭിച്ചതെന്ന് പരിശോധന നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥൻ സതീശൻ മൊഴി നൽകി. തുടർന്ന് ബാംഗ്ലൂരിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയില്ല. നിലവിൽ ഇവരുടെ ഫോണും സ്വിച്ച് ഓഫ്‌ ആണ്. ബെംഗളൂരുവിലേക്ക് ഇവർക്കായി അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഷീല സണ്ണിയെ കേസിൽ കുടുക്കുന്നതിന്‌ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഷീലാ സണ്ണി നിരപരാധിയാണ്‌ എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.

അതെ സമയം ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണം എന്നും കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നുമാണ് ഷീല പറയുന്നത്.

Advertisement