പല്ലശ്ശനയിൽ നവദമ്പതികളുടെ തല കൂട്ടിയിടിപ്പിച്ച നാട്ടുകാരൻ അറസ്റ്റിൽ

Advertisement

പാലക്കാട്: പല്ലശ്ശനയിൽ ആചാരത്തിന്‍റെ പേരിൽ നവ ദമ്പതികളുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ നാട്ടുകാരൻ‌ അറസ്റ്റിൽ. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്‍റെ ഭാര്യ സജ്‌ല നൽകിയ പരാതിയിൽ സുഭാഷിനെയാണ് ( ലക്ഷ്മണൻ -37) പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹോപദ്രവം എൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ‌ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വധൂവരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മിഷന്‍ ഇടപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.

പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്നയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായിരുന്നു വിവാദ സംഭവം.

പിന്നിൽ നിന്ന സുഭാഷ് ഇരുവരുടെയും കഴുത്തിൽ പിടിച്ച് തല ശക്തിയായി കൂട്ടിയിടിച്ചു. വിവാഹ ദിനത്തിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കണമെന്ന ആചാരത്തിന്‍റെ പേരിലാണ് തല കൂട്ടിയിടിച്ചതെന്നാണ് വിശദീകരണം.

എന്നാൽ, ഇത്തരമൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ പറയുന്നു. സജ്‌ന സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്ത വിഡിയോ വൻ ജനശ്രദ്ധ നേടിയിരുന്നു.

Advertisement