മലപ്പുറം. ഏകീകൃത സിവില്‍കോഡിന്‍റെ അന്തരീക്ഷത്തില്‍ സുന്നി ഐക്യത്തിനുള്ള നീക്കം സജീവമാക്കി ഇരുവിഭാഗവും. എത്രയും പെട്ടെന്ന് മുശാവറ ചേർന്ന് തുടർനടപടികൾ കൈക്കൊള്ളും. ചർച്ചകൾക്ക് മുൻകൈ എടുക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയതും ഐക്യനീക്കത്തിന് കരുത്ത് പകരുന്നതാണ്.
മൂന്നര പതിറ്റാണ്ടോളം നീണ്ട അകൽച്ച മറക്കാന്‍ ഇരു വിഭാഗം നേതാക്കളും തീരുമാനിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമാകുന്നത്. ആദ്യപടിയായി ഇ കെ വിഭാഗത്തിന്റെയും എ പി വിഭാഗത്തിന്റെയും മുശാവറ ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യും. പൊതു ചർച്ച നടത്താൻ സമിതിയെ നിശ്ചയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വേഗം തീരുമാനമെടുക്കും. ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്ന സാദിഖലി തങ്ങളുടെ നിലപാടും നീക്കത്തിന് പ്രചോദനമാണ്. മധ്യസ്ഥർ ഇല്ലാതെയും ചർച്ചയാകാം എന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അഭിപ്രായം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച കോഴിക്കോട് ചേരുന്ന സമസ്തയുടെ യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
പൗരത്വ ബില്ലിനെതിരെ ഒരുമിച്ചു നിന്നതുപോലെ ഏകീകൃത സിവിൽ കോഡിനെതിരെയും ഒന്നിച്ചു നിൽക്കണമെന്നാണ് നേതാക്കളുടെ കാഴ്ചപ്പാട്.
ആശയപരമായി അകലം ഇല്ലെങ്കിലും പള്ളികൾ, മദ്രസകൾ , മറ്റ് സ്വത്ത് വകകൾ തുടങ്ങിയ കാര്യങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് കോടതിക്ക് പുറത്ത് പരിഹാരം കാണാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് ഐക്യനീക്കം സജീവമാകുന്നത്. ഐക്യം സാധ്യമായാൽ മലബാർ രാഷ്ട്രീയത്തിൽ ഉറപ്പായ ചില മാറ്റങ്ങൾക്ക് അത് വഴിവയ്ക്കും.
രാഷ്ട്രീയ കക്ഷികള്‍ വലിയആകാംഷയോടെയാണ് ഒത്തു ചേരലിനെ കാണുന്നത്. കേരള രാഷ്ട്രീയത്തില്‍ ഗുണദോഷങ്ങള്‍ പകരാന്‍ ഏറ്റവും കഴിവുള്ള കൂട്ടായ്മയാകും രൂപപ്പെടുക.