ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലിൽ വാക്കേറ്റം, കത്തിക്കുത്ത്; ടെക്നോപാർക്കിന് മുന്നിലെ ആക്രമണം, പ്രതി പിടിയിൽ

Advertisement

കഴക്കൂട്ടം: തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഫെയ്സ് മൂന്നിനു സമീപം ദേശീയ പാതയിൽ കഴിഞ്ഞ 16 ന് നടന്ന കത്തിക്കുത്തിലെ ഒന്നാം പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. ആൾ സെയിന്റ്സ് സ്വദേശി ഷ്യാം ഖാനാണ് (25) പിടിയിലായത്.

കഴിഞ്ഞ മാസം പതിനാറാം തീയതി വെളുപ്പിന് ഒരു മണിക്ക് മണക്കാട് സ്വദേശികളായ അൽ അമീൻ അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവർ മുക്കോലയ്ക്കലുള്ള കഫെയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതേ സമയം അവിടെ ഉണ്ടായിരുന്ന ആൾ സെയിന്റ്സ് സ്വദേശി ഷ്യാം ഖാനും സുഹൃത്തുക്കളുമായി ഇവർ വാക്കേറ്റം ഉണ്ടായി.

തുടർന്ന് അൽ അമീൻ സുഹൃത്തായ അബ്ദുല്ലയെ വിവരം അറിയിച്ചു. അബ്ദുള്ള സുഹൃത്തുക്കളായ നസീബ് മുഹമ്മദ് അജ്മൽ ഖാൻ ആസിഫ് അനിൽ എന്നിവരെയും കൂട്ടി ഹോട്ടലിലെത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. സംഘത്തിലുണ്ടായിരുന്ന ഷ്യാം ഖാൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അജ്മൽ ഖാന്റെ തുടയിലും നസീബിന്റെ വയറിലും കുത്തുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്നവർ തന്നെ ഉടൻ നസീബിനെയും അജ്മലിനെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടയിൽ കുത്തു കിട്ടിയ നസീബിന്റെ മുറിവ് ഗുരുതരമായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഷ്യാം വിവിധ സ്ഥലങ്ങലിലായി താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ശ്രീകാര്യത്തു വെച്ച് പിടിയിലായത്. സൈബർ സിറ്റി അസി. കമ്മീഷണർ പൃഥ്വിരാജ് എസ് എച്ച് ഒ അജിത് കുമാർ ജി, എസ് ഐമാരായ മിഥുൻ, ശരത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജാദ് ഖാൻ, അൻസിൽ, അൻവർഷാ, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.