2023 ജൂലൈ 04 ചൊവ്വ
കേരളീയം
🙏മഴക്കെടുതികള്‍ മൂലം എറണാകുളം ആലപ്പുഴ ജില്ലകളിൽ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലയില്‍ ഇന്നു റെഡ് അലേര്‍ട്ട്.
🙏സ്‌കൂള്‍ മുറ്റത്തു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യൂസഫ്- ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്.
🙏കൊച്ചി സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടിലെ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയോട്ടി പൊട്ടി. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്‍ (10) ആണ് പരിക്കേറ്റത്.
🙏 ഹരിപ്പാട് പള്ളിപ്പാട് വഴുതാനം ഗവണ്‍മെന്റ് യുപി സ്‌കൂളിനു മുകളിലേക്കു കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. ആര്‍ക്കും പരിക്കില്ല.
🙏അതിതീവ്ര മഴ തുടരുന്നതിനാല്‍ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദിവസം കനത്ത മഴക്കു സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ-താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നീ ഏഴു ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🙏മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്റെ പി എച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് കെഎസ് യു. തലശേരിയില്‍ അധ്യാപകനായിരികെ ആസാം കേന്ദ്ര സര്‍വ്വകലാശാലയില്‍നിന്നാണു പി എച്ച് ഡി നേടിയത്. യുജിസിക്കു പരാതി നല്‍കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
🙏സര്‍ക്കാരിനെതിരേ സമര പരിപാടികള്‍ ആലോചിക്കാന്‍ കെപിസിസി നേതൃയോഗം നാളെ. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
🙏ആറു തവണയെങ്കിലും സിപിഎം തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വധശ്രമ കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല.
🙏രണ്ടു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ 62 പാലങ്ങള്‍ പണിതെന്ന് പൊതുമരമാത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒമ്പതു പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മൂന്നാം വാര്‍ഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പണികൂടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
🙏കൈതോലപ്പായയില്‍ രണ്ടു കോടി രൂപ കടത്തിയെന്ന ആരോപണത്തെക്കുറിച്ചു മൊഴിയും തെളിവും ആവശ്യപ്പെട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരന്‍ ഇന്നു ഹാജരാകണമെന്നു പൊലീസ്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു ശക്തിധരന്‍ പ്രതികരിച്ചു.
🙏തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കു ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി. വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വൃക്കയുമായി ഓടിയത് വിവാദമായിരുന്നു.
🙏പനി പടരുന്നു. പനി ബാധിച്ച് ഇന്നലെ 12,694 പേരാണ് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുണ്ട്. മൂന്നു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്ക് എലിപ്പനി ലക്ഷണമുണ്ട്. 46 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചിട്ടുണ്ട്.
🙏തദ്ദേശ സ്വയംഭരണ വകുപ്പില്‍ 6,316 പേര്‍ക്കു സ്ഥലംമാറ്റം. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സംവിധാനത്തിലൂടെ നടത്തുന്ന ആദ്യ സ്ഥലംമാറ്റമാണിത്. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ മുതല്‍ എല്ലാ നടപടികളും ഓണ്‍ലൈനിലൂടെയാണു പൂര്‍ത്തിയാക്കിയത്.
🙏തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്ന് ഹൈബി ഈഡന്‍ എംപി. വികസന വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ ഇക്കാര്യം ആവശ്യപ്പെടാറുണ്ടെന്നു ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
🙏ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തര്‍ എയര്‍വേയ്സിനെതിരെയാണ് വിധി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിഭാഷകനായിരിക്കേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്.
🙏ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ വനിതകള്‍ തുഴഞ്ഞ തെക്കന്‍ ഓടിവള്ളം മറിഞ്ഞു. മുപ്പതു സിഡിഎസ് അംഗങ്ങള്‍ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. എല്ലാവരേയും രക്ഷപ്പെടുത്തി.
🙏കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ബൈക്കിലേക്കു ബന്ധിപ്പിച്ച് വൈദ്യുതാഘാതമുണ്ടാക്കി കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച തൃക്കൊടിത്താനം പാലത്ര വീട്ടില്‍ ശശി (52) യെയാണ് അറസ്റ്റു ചെയ്തത്.
🙏പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ സ്‌കൂള്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞു. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
🙏യുകെയിലെ കെറ്ററിംഗില്‍ മലയാളി നേഴ്സ് അഞ്ജു അശോകിനേയും രണ്ടു മക്കളേയും കൊന്ന കേസിലെ പ്രതി ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശി ഷാജുവിന് 40 വര്‍ഷം ജയില്‍ ശിക്ഷ. നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
🙏മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടില്‍ എസ് മനോജിനെയാണ് (48) അറസ്റ്റു ചെയ്തത്.
🙏കോഴിക്കോട് ഫറോക് പാലത്തില്‍നിന്നു പുഴയില്‍ ചാടിയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്‍ (31)ആണ് മരിച്ചത്. ഭാര്യ വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
🙏കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സഹോദരന്‍ തീ കൊളുത്തിയ അനുജന്റെ ഭാര്യ സുബിന മരിച്ചു. സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്തിരുന്നു.
🙏ഒന്നിച്ചു താമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ പേഴ്സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിനെക്കൊണ്ടു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയന്‍ ആണ് സുഹൃത്ത് മഞ്ജുവിന്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച് പിടിയിലായത്. ഇടുക്കി മേരികുളം സ്വദേശി മഞ്ജു രണ്ടു മാസമായി ഇടുക്കി കണ്ണംപടി സ്വദേശി ജയനുമൊത്താണു താമസിച്ചിരുന്നത്.
ദേശീയം
🙏മഹാരാഷ്ട്രയില്‍ അമോല്‍ കോല്‍ഹെ എംപി വിമതപക്ഷത്തുനിന്ന് ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശരത് പവാര്‍ കത്തു നല്‍കിയിട്ടുണ്ട്.
🙏ഡല്‍ഹി മദ്യനയ അഴിമതി സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂട്ടുപ്രതികളായ നാലു പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
🙏അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 11 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേരുമെന്ന് ജിഎസ്ടി കൗണ്‍സില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുക്കും.
🙏മഹാരാഷ്ട്രയിലെ എന്‍സിപി അട്ടിമറിക്കു സമാനമായ അട്ടിമറി ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലും ഉണ്ടാകുമെന്ന് എസ് ബി എസ് പി നേതാവ് ഓംപ്രകാശ് രാജ് ഭര്‍. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദിയുടെ അധ്യക്ഷനായ അഖിലേഷ് യാദവിനെ നേതാക്കളും പ്രവര്‍ത്തകരും വെറുത്തുതുടങ്ങിയതിനാല്‍ ബി ജെ പിയിലേക്ക് കൂറുമാറ്റം ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.
🙏മഹാരാഷ്ട്രയില്‍ എന്‍സിപിയിലുണ്ടായ രാഷ്ട്രീയ അട്ടിമറിയില്‍ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ശരദ് പവാറുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ചു.
🙏ഈ മാസം 13, 14 തീയതികളിലായി ബെംഗളൂരുവില്‍ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ജൂലൈ 17, 18 തീയതികളിലേക്കു മാറ്റി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
🙏കിലോയ്ക്കു 150 രൂപയായ തക്കാളി തമിഴ്നാട്ടിലെ റേഷന്‍ കടകളിലൂടെ ഇന്നു മുതല്‍ 60 രൂപയ്ക്കു വില്‍ക്കും. സഹകരണ മന്ത്രി കെ.ആര്‍. പെരിയക്കുറുപ്പാണ് പ്രഖ്യാപനം നടത്തിയത്.
🙏തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവു പരിശോധനകള്‍ക്കാണ് പ്രവേശിപ്പിച്ചത്. ഇന്ന് ആശുപത്രി വിടും.
🙏മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടനുസരിച്ച് അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്താനാണ് മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്കു വിളിച്ചുവരുത്തിയത്.
🙏നൂറു കോടി രൂപയുടെ മുഴുവന്‍ വായ്പയും തിരിച്ചടച്ചെന്ന് സ്പൈസ് ജെറ്റ്. സിറ്റി യൂണിയന്‍ ബാങ്കില്‍നിന്നു കടമെടുത്ത വായ്പയുടെ അവസാന ഗഡുവായ 25 കോടി രൂപ ഇക്കഴിഞ്ഞ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു.