ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. 3,16,772 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്രവേശനം നേടിയത്. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല.

പ്ലസ് വണ്‍ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കിയാണ് ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നത്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും സ്‌കൂള്‍-കോമ്പിനേഷന്‍ മാറ്റങ്ങളും അടുത്ത ദിവസങ്ങളിലുണ്ടാകും. വൈകി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ എക്‌സട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്തും. സപ്ലിമെന്ററി അലോട്ട്‌മെ’ന്റുകള്‍ ആരംഭിക്കുന്നതിനൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ കണക്കെടുക്കും. സീറ്റു കുറവ് പരിശോധിച്ച് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കാനാണ് തീരുമാനം. മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ പ്രവേശനം നേടി. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.
മഴക്കാലമായതിനാല്‍ സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement