ഏകസിവിൽ കോഡിലെ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന്

Advertisement

തിരുവനന്തപുരം . ഏകസിവിൽ കോഡിലെ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. മുന്‍ നിലപാടുകള്‍ പാടേ നിരാകരിച്ച് പ്രക്ഷോഭ രംഗത്ത് മേൽക്കൈ നേടാൻ സിപിഎം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോൺഗ്രസും സമര രംഗത്തേക്ക് ഇറങ്ങുന്നത്. സംസ്ഥാന സർക്കാരിനെതിരായ തുടർ പ്രക്ഷോഭ പരിപാടികളും പുനസംഘടനാ പുരോഗതിയും യോഗത്തിൽ വിലയിരുത്തും. സത്യത്തില്‍ ഏക സിവില്‍കോഡിനെതിരെ മുസ്ളിം സംഘടനകള്‍ യോഗം ചേര്‍ന്നതോടെ സിപിഎമ്മില്‍നിന്നും നേതാക്കള്‍ നേരിടുന്ന കേസും പീഡനവും മാറ്റി വച്ച് മുഖ്യപ്രശ്നം ഇതായി മാറി.

ഏകസിവിൽ കോഡിനെതിരായ പ്രക്ഷോഭം സിപിഎം രാഷ്ട്രീയമായി ഏറ്റെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കോൺഗ്രസും സമരാസൂത്രണത്തിലേക്ക് കടക്കുന്നത്. വിഷയത്തിൽ വിപുലമായ സെമിനാറും തുടർ പ്രചരണ പരിപാടികളും തീരുമാനിച്ച സിപിഎം, ഏകസിവിൽ കോഡിൽ കോൺഗ്രസിന് നിലപാടില്ലെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട ബാധ‍്യത കൂടി കോൺഗ്രസിന് മുന്നിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ഏകസിവിൽ കോഡുയർത്തി മലബാർ മേഖലയിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആധിപത്യം ഉറപ്പാക്കാൻ സിപി എം നടത്തുന്ന ഇടപെടലുകൾക്കും തടയിടണം. സിപിഎമ്മിന്‍റെ താല്‍പര്യം രാഷ്ട്രീയ ലാഭമാണെന്ന് ലീഗിനെയെങ്കിലും വിശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സത്വര ഇടപെടലിനായി. കോഴിക്കോട് നടന്ന യോഗത്തിലേക്ക് കെസി വേണുഗോപാലിന്‍റെ ഫോണ്‍വഴിയുള്ള ഇടപെടല്‍ ഫലപ്രദമായി. എന്നാല്‍ അതിന് തുടര്‍ നീക്കമുണ്ടായേ പറ്റു എന്നതാണ് പ്രശ്നം.

സമരരംഗത്ത് ലീഗിനെ ഒപ്പം കൂട്ടാനുള്ള സിപിഎം ശ്രമങ്ങളും കോൺഗ്രസ്സ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം ശ്രമങ്ങളെ തടയിടുകയും മുസ്ലിം സമുദായത്തെ ഒപ്പം നിർത്തുകയും ചെയ്യാനാകും വിധം ശക്തമായ സമരപരിപാടികൾക്ക് ഇന്നത്തെ നേതൃയോഗം രൂപം നൽകും.

മുസ്ലിം സംഘടനകളെ ഒപ്പം കൂട്ടിയുള്ള സമരപരിപാടികളും നേതൃത്വം ആലോചിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കേസുകളെ രാഷ്ട്രീയമായി നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ആവിഷ്കരിക്കും. മണ്ഡലം പുനസംഘടനയിലെ പുരോഗതിയും യോഗം വിലയിരുത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇന്നത്തെ നേതൃയോഗത്തിൽ ചർച്ചയാവും. കെപിസിസി ഭാരവാഹികൾക്ക് പുറമേ എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷകസംഘടന അധ്യക്ഷന്മാർ തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertisement