കേരള നേതൃത്വത്തിലും അഴിച്ചു പണിക്കൊരുങ്ങി ബിജെപി

Advertisement

തിരുവനന്തപുരം .മന്ത്രി സഭയ്ക്കൊപ്പം കേരള നേതൃത്വത്തിലും അഴിച്ചു പണിക്കൊരുങ്ങി ബിജെപി. കേന്ദ്ര മന്ത്രി വി മുരളീധരൻ കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷൻ ആയേക്കുമെന്ന് സൂചന. സിനിമ താരം സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട്. ഇ ശ്രീധരനെ മന്ത്രിസഭയില്‍ എത്തിക്കുമെന്ന സൂചന നേരത്തേയുണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ വ്യക്തതയില്ല. ഇമേജ് നന്നാക്കാന്‍ ശ്രീധരനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു അഭിപ്രായം. ഇത്ര ക്ളിയര്‍ ഇമേജുള്ള ആള്‍ വേറെയില്ലെങ്കിലും പ്രായം ആണ് തടസമാകുന്നത്.

ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലും സംഘടന അഴിച്ചു പണി നടത്തനാണ് ബി ജെ പി ദേശീയ നേത്യത്വത്തിന്റെ തീരുമാനം.കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പേരാണ് കേരളത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് അന്തിമ ഘട്ടത്തിൽ പരിഗണനയിൽ ഉള്ളത്. വി.മുരളീധരൻ സംസ്ഥാന അധ്യക്ഷനായി എത്തുമ്പോൾ നിലവിലെ അധ്യക്ഷൻ കെ.സുരേന്ദ്രനെ ദേശീയ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന.

മന്ത്രി വി മുരളിധരന് പകരം കേന്ദ്ര മന്ത്രിസഭയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്താനാണ് ആലോചന.മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.ഈ മാസം 24 ന് തെരഞ്ഞെടുപ്പ് നടക്കുന്ന 10 രാജ്യസഭാ സിറ്റ് കളിൽ ഒന്നിൽ സുരേഷ് ഗോപിയെ സ്ഥാനാർത്ഥി ആക്കാനാണ് നീക്കം.

സുരേഷ് ഗോപിയുമായി ദേശീയ നേതാക്കൾ ആശയ വിനിമയം നടത്തിയതായാണ് വിവരം.കേരളത്തോടൊപ്പം കർണാടക, ജമ്മു കശ്മീർ, മധ്യപ്രദേശ്, മിസോറാം, ചത്തിസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്ക് കൂടി പുതിയ അധ്യക്ഷൻ മാരെ പ്രഖ്യാപിച്ചേക്കും. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന സൂചന .