വ്യാജലഹരിക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന ഷീലയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. ഇല്ലാത്ത മയക്കുമരുന്നു കേസില്‍ 72 ദിവസമാണ് ഷീലാ സണ്ണി ജയിലില്‍ കിടന്നത്. വിപണിയില്‍ 60,000 രൂപയോളം വില വരുന്ന 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒളിപ്പിച്ചുവെന്നായിരുന്നു ഷീലയ്ക്കെതിരായ കേസ്.
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു എക്സൈസിന്റെ ആരോപണം. ബ്യൂട്ടി പാര്‍ലറില്‍ എത്തുന്നവര്‍ മടങ്ങി പോകാന്‍ വൈകുന്നു എന്ന കാരണത്തിനു പുറത്ത് ദിവസങ്ങളോളം എക്സൈസ് ഷീലയെ നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. എന്നാല്‍ ഷീലയില്‍ നിന്നും പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പ് അല്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ഷീല സണ്ണിയുടെ ബാഗില്‍ എല്‍എസ്ഡി വെച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മൊഴിനല്‍കി. ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ ഷീല സണ്ണിയെ ജയിലിലാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ട്.