പരാജയത്തില്‍ മനം മടുക്കാതെ പരിശീലനം ഒടുവില്‍ ഐഎഫ്എസ്

Advertisement

തിരുവനന്തപുരം .തോല്‍വിയില്‍ മനം മടുത്തുപിന്‍വാങ്ങുന്നവര്‍ക്ക് പാഠമാണ് ഈ യുവാവ്, പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി ഐഎഫ്എസിൽ ഉയർന്ന റാങ്ക് നേടിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ജെ. അരവിന്ദ്. തൻറെ അവസാന അവസരത്തിലാണ് അരവിന്ദ് കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്കിലെത്തിയത്. ഓരോ തോൽവിയും വിജയിക്കാനുള്ള ആവേശമായെന്ന് അരവിന്ദ് പറയുന്നു.

ഏഴ് വർഷത്തെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അരവിന്ദിൻറെ ഐഎഫ്എസ് നേട്ടം. അവസാന അവസരം വരെ പരാജയപ്പെട്ടുകൊണ്ടിരുന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ ദേശീയ തലത്തിൽ 22ഉം സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടി ഈ ഇരുപത്തിയൊൻപതുകാരൻ.

പത്തുവർഷം മുൻപ് അച്ഛൻ മരിച്ചു. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷമാണ് പ്രതിസന്ധികൾ വകവെയ്ക്കാതെ സിവിൽ സർവ്വീസ് പരിശീലനം തുടങ്ങിയത്.

തിരുവനന്തപുരത്തെ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. വഞ്ചിയൂരാണ് ഇപ്പോൾ താമസം. ഭാര്യ ഗംഗയും സിവിൽ സർവ്വീസ് പരിശീലനത്തിലാണ്.