കണ്ണൂര്‍ ജില്ലയിൽ മഴക്കെടുതിയിൽ ഒരു മരണം

Advertisement

കണ്ണൂര്‍. ജില്ലയിൽ മഴക്കെടുതിയിൽ ഒരു മരണം. നാലുവയൽ സ്വദേശി ബഷീറാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലെ സംരക്ഷണ മതിലിൻ്റെ ഒരു ഭാഗം തകർന്ന് വീണു. നഗരത്തിലെ റോഡ് വിവിധയിടങ്ങളിൽ ഇടിഞ്ഞ് താഴ്ന്നു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് കണ്ണൂർ നാലുവയൽ സ്വദേശി ബഷീർ മരിച്ചത്. അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിലിൻ്റെ ഒരു ഭാഗം തകർന്നുവീണു. 30 മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞുവീണത്. കണ്ണൂർ നഗരത്തിലെ താളിക്കാവ്, മുനീശ്വരൻകോവിൽ, എസ് എൻ പാർക്ക്, ഹനുമാൻ കോവിൽ എന്നിവിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴ്ന്നു. കോർപ്പറേഷൻ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പിടാനായി റോഡുകൾ കുഴിച്ചിരുന്നു. പൈപ്പുകൾ സ്ഥാപിച്ച ശേഷം അശാസ്ത്രീയമായി ടാർ ചെയ്തതാണ് തിരിച്ചടിയായത്. തകർന്ന റോഡുകളിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി.

ധർമ്മടം പൊക്കൂൽ വയലിൽ മതിൽ ഇടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ മരം വീണ് 3 വാഹനങ്ങൾ തകർന്നു. ചെറുപുഴയിലും പാറാലിലും കിണറുകൾ ഇടിഞ്ഞു താഴ്ന്നു. നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞ് വീടുകൾ അപകട ഭീഷണിയിലാണ്. പയ്യന്നൂർ രാമന്തളിയിൽ മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി.

Advertisement