പറഞ്ഞതിലേറെ ഒന്നുമില്ല,ശക്തമായ നിലപാടുമായി ശക്തിധരന്‍, വിവാദം അവിടെ നില്‍ക്കും

Advertisement

തിരുവനന്തപുരം . കൈതോലപ്പായ വിവാദത്തിൽ പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താതെ ദേശാഭിമാനി മുൻ അസോസ്യേറ്റ് എഡിറ്റർ ജി. ശക്തിധരൻ. ഫേസ്ബുക്ക് പോസ്റ്റിലുള്ളതിനെക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ശക്തിധരൻ മൊഴിനൽകി.

ഇതോടെ പണം കടത്തൽ വിവാദത്തിൽ പൊലീസ് കേസെടുക്കാനുള്ള സാധ്യത അടഞ്ഞു.

സിപിഎം ഉന്നത നേതാവ് കൈതോലപ്പായയിൽ രണ്ട് കോടിയിലധികം രൂപ കടത്തി,
പണം കടത്തിയ കാറിൽ നിലവിലെ മന്ത്രിസഭാംഗം ഒപ്പമുണ്ടായിരുന്നു, തുടങ്ങി കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ പരാമർശങ്ങളിലെ പൊലീസ് അന്വേഷണത്തോട് ദേശാഭിമാനി മുൻ അസോസ്യേറ്റ് എഡിറ്റർ ജി. ശക്തിധരൻ സഹകരിച്ചില്ല. തിരുവനന്തപുരം കൻറോൺമെൻറ് എസിപി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ മൊഴിയെടുക്കൽ രണ്ടര മണിക്കൂർ നീണ്ടു. ഫേസ്ബുക്ക് പോസ്റ്റിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ചോദ്യങ്ങളോടുള്ള ശക്തിധരൻറെ മറുപടി.

ശക്തിധരൻറെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ എംപി നൽകിയ പരാതിയിൽ കേസെടുക്കാനുള്ള സാധ്യത ഇതോടെ അടഞ്ഞു. ബെന്നി ബെഹ്നാൻറെ മൊഴി കൂടി രേഖപ്പെടുത്തി‌ പരാതിയിൽ പൊലീസ്‌ അന്വേഷണം അവസാനിപ്പിച്ചേക്കും. ഇനി മറ്റ് എന്തെങ്കിലും തരത്തില്‍ കേസുമായി നീങ്ങണമോ എന്ന് കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. വലിയ വിവാദമായ പ്രശ്നം ഇത്തരത്തില്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ടാകില്ല. നിയമവിദഗ്ധരുടെ ഉപദേശം കോണ്‍ഗ്രസ് തേടി എന്നാണ് സൂചന.