പാഞ്ഞെത്തിയ സൈക്കിൾ സ്കൂൾ ബസിനടിയിൽ; മലപ്പുറത്ത് വിദ്യാർഥിക്ക് അദ്ഭുത രക്ഷ

Advertisement

നിലമ്പൂർ: മലപ്പുറം കരുളായിയിൽ സൈക്കിളുമായി സ്കൂൾ ബസിനടിയിൽപ്പെട്ട വിദ്യാർഥി അദ്ഭുതരകരമായി രക്ഷപെട്ടു. കരുളായി ടൗണിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സൈക്കിളിൽ വന്ന വിദ്യാർഥി സ്കൂൾ ബസിന്റെ അടിയിൽ പെടുകയായിരുന്നു. സൈക്കിൾ ബസിലിടിച്ചതിനു പിന്നാലെ വിദ്യാർഥി പൂർണമായും അടിയിലായെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കരുളായി കിണറ്റങ്ങലിൽ ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കരുളായി കെഎം ഹയർ സെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിയായ ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് (15) അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. പരേതനായ വി.കെ.രതീഷ് ബാബുവിന്റെയും രജനിയുടെയും മകനാണ്. സ്കൂൾ വിട്ടുവന്ന ശേഷം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കരുളായിലെ കടയിലേക്ക് വന്നതായിരുന്നു.

ഇതിനിടെ പാലാങ്കര ഭാഗത്തുനിന്നു വരുമ്പോൾ ഇറക്കത്തിൽവച്ച് സൈക്കിളിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായത്. ഇതോടെ ഇടത്തേക്കു തിരിയുന്നതിനു പകരം സൈക്കിൾ നേരെ പോയി കരുളായി ഭാഗത്തുനിന്ന് വന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. സൈക്കിളിനു മുകളിലൂടെ ബസ് കയറിയെങ്കിലും കുട്ടി പരുക്കുകളുമായി രക്ഷപെട്ടു. ബസിന്റെ ടയർ കയറി സൈക്കിൾ തകർന്നു. അപകടത്തിൽ ബസിന്റെ അടിയിലേക്ക് തെറിച്ചുവീണതാണ് ആദിത്യന് രക്ഷയായത്. അപകടത്തിൽപെട്ട ബസ് ഉടൻതന്നെ നിർത്തിയതും തുണയായി.

അപകടത്തിനു തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാരാണ് ബസിനടിയിൽനിന്ന് വിദ്യാർഥിയെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ വിദ്യാർഥി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ തോളെല്ലിനു പൊട്ടലുണ്ട്. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റു

Advertisement