ദേവകി നിലയങ്ങോട് അന്തരിച്ചു

Advertisement

തൃശൂർ: ദേവകി നിലയങ്ങോട് (95) അന്തരിച്ചു. നമ്പൂതിരി സമുദായത്തിൽ നിന്ന് സമുദായ പരിഷ്കരണത്തിന്റ ഭാഗമായി പൊതുരംഗത്തേക്ക് വന്ന വനിതാ പ്രവർത്തകരിൽ പ്രമുഖയാണ്.

1928ൽ പൊന്നാനിക്കടുത്ത് ജനിച്ച ദേവകി വിവാഹത്തോടെയാണ് തൃശ്ശൂരിലെത്തിയത്. 1943-ലാണ് ചാത്തനൂർ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയുമായുള്ള വിവാഹം. യാഥാസ്ഥിതിക മനയിൽ ജനിച്ച പെൺകുട്ടികൾക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിക്ക് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പള്ളിക്കൂടങ്ങളിൽ പോയിരുന്ന ആൺ കുട്ടികളിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങി.

സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രഭാഷകയായിരുന്നു. ദേവകി നിലയങ്ങോടിന്റെ രചനകളുടെ സമാഹാരം ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തിട്ടുണ്ട്.

ദേവകി നിലയങ്ങോട് 75-ാമത്തെ വയസിലാണ് എഴുത്ത് തുടങ്ങുന്നത്. ‘നഷ്ടബോധങ്ങളില്ലാതെ’ ആണ് ആദ്യ കൃതി. പൊന്നാനിക്കടുത്ത മൂക്കുതല പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകളാണ്. മകൾ ചന്ദ്രികയോടൊപ്പം തൃശ്ശൂർ മുളംകുന്നത്തുകാവിലെ കപിലവസ്തുവിലായിരുന്നു താമസം.

മക്കൾ: സതീശൻ, ചന്ദ്രിക (റിട്ട.അധ്യാപിക, സെന്റ് തോമസ് സ്കൂൾ, കോയമ്പത്തൂർ), കൃഷ്ണൻ (എൻജിനീയർ മുംബൈ), ഗംഗാധരൻ ( റിട്ട. ഉദ്യോഗസ്ഥൻ കേരള സർവകലാശാല), ഹരിദാസൻ (തിരുവനന്തപുരം കാലാവസ്ഥാ വകുപ്പ്), ഗീത (എൻജിനീയർ)

Advertisement