കൊച്ചി. അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും. കൊച്ചി മരടിലാണ് കൊലപാതകം നടന്നത്. 75 വയസ്സുള്ള ബ്രിജിതയെയാണ് മകൻ വിനോദ് കൊലപ്പെടുത്തിയത്. ഇയാളെ മരട് പോലീസ് അറസ്റ്റ് ചെയ്തിട്ടണ്ട്. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതാണെന്നും പലപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. അതെ സമയം പൊലീസ് നടപടികൾ വൈകിപ്പിച്ചുവെന്നും കൃത്യസമയത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിൽ ബ്രിജിതയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കൊച്ചിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ചമ്പക്കരയിൽ അപ്പാർട്ട്മെന്റിൽ വർഷങ്ങളായി താമസിച്ചിരുന്നവരാണ് ബ്രിജിത എന്ന് വിളിക്കുന്ന അച്ഛാമ്മയും മകൻ വിനോദും. മാനസികവിഭ്രാന്തി നേരിടുന്ന ആളാണ് വിനോദ്. പലപ്പോഴും ഇവർ തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിജിതയെ ഉപദ്രവിക്കാറില്ലന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. ഉച്ചക്ക് ഫ്ലാറ്റിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും കുഴപ്പമില്ലന്ന് പറഞ്ഞ് തിരികെ പോകുകയും ചെയ്തു. അല്പസമയങ്ങൾക്ക് ശേഷം വീണ്ടും കരച്ചിൽ കേൾക്കുകയും ഉടനെ നാട്ടുകാർ പോലീസിലെ അറിയിച്ചു. എന്നാൽ സ്ഥലത്ത് എത്തിയ പൊലീസ് വാതിൽ തുറക്കുന്നതിനോ ബ്രിജിതയെ രക്ഷിക്കുന്നതിനോ തയാറായില്ലെന്നും രേഖാമൂലം പരാതി നൽകിയാൽ മാത്രമേ വാതിൽ തുറക്കാൻ കഴിയുകയൊള്ളുവെന്ന് പറഞ്ഞു. എത്തിയ ഉടൻ തന്നെ പൊലീസ് നടപടികൾ വേഗത്തിൽ ആക്കിയിരുന്നുവെങ്കിൽ ബ്രിജിതയെ രക്ഷിക്കാൻ കഴിമായിരുന്നുവെന്നും പോലീസിന്റെ അനാസ്ഥയാണ് ദുരന്തത്തിനുകാരണമെന്നും നാട്ടുകാർ പറയുന്നു.
പൊലീസിന്റെ ഈ നിലപാടിനെതിരെ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമാണ് നാട്ടുകാർക്ക് ഇടയിൽ ഉയർന്ന് വരുന്നത്. പ്രതി വിനോദിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.