വാർത്താനോട്ടം

Advertisement

2023 ജൂലൈ 08 വെള്ളി

BREAKING NEWS

👉അഞ്ചു ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, പത്തനംതിട്ട,കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ്
അവധി.

👉കൊച്ചി ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടി കൊന്നു.

👉കോഴിക്കോട് ചാത്തമംഗലത്ത് വീട് തകർന്ന് രണ്ട് പേർക്ക് പരിക്ക്

👉ചമ്പക്കുളത്ത് ബണ്ട് തകർന്നു മൂലപ്പള്ളിക്കാട് പാടശേഖരത്തിലെ 160 ഏക്കറിലെ നെൽകൃഷി നശിച്ചു.12 ദിവസം മുമ്പാണ് വിത്ത് വിതച്ചത്.

👉കോഴിക്കോട് ക്വയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി.

👉 മോശം കാലാവസ്ഥ കാര്യം അമർനാഥ് യാത്ര താല്ക്കാലികമായി നിർത്തിവെച്ചു.

👉മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍,
കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും മാഹിയിലും അവധിയാണ്

👉പ്രൊഫഷണല്‍ കോളേജുകള്‍ക്കും
അവധി ബാധകമാണ്.

👉സാങ്കേതിക സര്‍വകലാശാലയും കണ്ണൂര്‍ സര്‍വലാശാലയും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

👉 മഴയിൽ രണ്ട് മരണം കൂടി. കോട്ടയം ആയ് മനത്ത് വെള്ളക്കെട്ടിൽ വീണ് ഭാനു (73) മരിച്ചു.വടകര എറാമലയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കിട്ടി.

👉മലപ്പുറം മുണ്ടുപറമ്പിൽ ദമ്പതികളെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

👉കോഴിക്കോട് കുറ്റക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്.
 

കേരളീയം

🙏സംസ്ഥാനത്തു മഴക്കെടുതിയില്‍ ഇന്നലെ ആറു മരണം. ചങ്ങനാശേരിയിലും തിരുവനന്തപുരം ആര്യനാട്ടും കുളത്തില്‍ മുങ്ങി മരിച്ചതാണെങ്കില്‍ പാറശാലയില്‍ മരക്കൊമ്പു വെട്ടുന്നതിനിടെ തെന്നിവീണാണു മരണം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് കോഴിക്കോട്ട് പതിനെട്ടുകാരന്‍ മരിച്ചു. വയനാട്ടില്‍ കിണറിടിഞ്ഞുണ്ടായ കുഴിയില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍. അനേകം വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ വീണ് വന്‍ നാശം. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

.

🙏പോലീസ് സ്റ്റേഷനില്‍ വരുന്നവരോടു മാന്യമായി പെരുമാറണമെന്ന് പുതിയ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ്. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഔദ്യോഗിക ഫോണില്‍ വരുന്ന കോളുകള്‍ എല്ലാം സ്വീകരിക്കണം. കോള്‍ ഡൈവര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു.

🙏സാമൂഹ്യപ്രവര്‍ത്ത
കയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തിരൂരിലെ വസതിയിലായിരുന്നു അന്ത്യം. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂര്‍ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധന്‍ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്. സംസ്‌കാരം നാളെ.

🙏തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്തുനിന്നാണ് കുരങ്ങിനെ കിട്ടിയത്. രണ്ടാഴ്ചയായി ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.

🙏ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ ഒളിച്ചോട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ്പരിവാറിനെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിനു മടിയാണ്. കോണ്‍ഗ്രസിനു നിലപാടും നയവുമില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

🙏മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കര്‍മ്മ ന്യൂസിനെതിരേ രണ്ടു കോടി രൂപയുടെ അപകീര്‍ത്തി കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമസ്ഥാപനമായ ന്യൂസ് ലോന്‍ഡറി നല്‍കിയ കേസിലാണ് 30 ദിവസത്തിനം മറുപടി തേടി നോട്ടീസ് അയച്ചത്.

🙏അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജിക്കാര്‍ക്കെതിരേ 25,000 രൂപ പിഴ ചുമത്തുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞെങ്കിലും ഉത്തരവില്‍നിന്ന് പിഴ ഒഴിവാക്കി. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

🙏മരടില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. തുരുത്തി അമ്പലത്തിനു സമീപമുള്ള ഫ്ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാം (77) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദിനെ (52) പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ അച്ചാമ്മയെ പൂട്ടിയിട്ട് മകന്‍ അതിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഫ്ളാറ്റിലെ താമസക്കാരും ഡിവിഷന്‍ മെമ്പറും പരാതിപ്പെട്ടതനുസരിച്ച് പോലീസ് എത്തിയെങ്കിലും ഇടപെട്ടില്ല. ഒടുവില്‍ സന്ധ്യക്കു വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. മകന്‍ വിനോദ് മാനസിക അസുഖമുള്ളയാളാണെന്നു പോലീസ്.

🙏ലെസ്ബിയന്‍ പങ്കാളികളായ മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളില്‍നിന്നും കൂട്ടാളികളില്‍നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

🙏കൊച്ചിയില്‍ നിന്ന് വിയറ്റ്നാമിലെ ഹോച്ചുമിനിലേക്ക് നേരിട്ട് ഓഗസ്റ്റ് 12 നു വിമാന സര്‍വീസ് തുടങ്ങുന്നു. വിയറ്റ്ജെറ്റ് വിമാനക്കമ്പനിയാണ് സര്‍വീസ് ആരംഭിക്കുന്നത്.

🙏ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ തെന്നിവീണ് ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രന്‍ മരിച്ചു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മണിയൂര്‍ മുതുവന ഹമീദിന്റ മകന്‍ മുഹമ്മദ് നിഹാല്‍ (18) മരിച്ചു.

🙏വയനാട്ടില്‍ കിണറിടിഞ്ഞുണ്ടായ കുഴിയില്‍ വീണ വിദ്യാര്‍ത്ഥിനിയെ അയല്‍വാസി രക്ഷിച്ചു. കമ്പളക്കാട് അരിവാരം പതിനൊന്നാം വാര്‍ഡിലെ പഞ്ചായത്ത് കിണറിന്റെ പ്ലാറ്റ് ഫോമാണ് ഇടിഞ്ഞത്. പഞ്ചായത്ത് കിണറിനരികില്‍ താമസിക്കുന്ന സജീവനും കുടുംബവും ചേര്‍ന്ന് കിണറിലെ മോട്ടോര്‍ നന്നാക്കുന്നതിനിടയിലാണ് ഇടിഞ്ഞുവീണ് മകള്‍ അനന്യ കുഴിയിലേക്കു വീണത്.

🙏നിലമ്പൂര്‍ അമരമ്പലത്ത് ഇന്നലെ പുലര്‍ച്ചെ പുഴയില്‍ പോയ മുത്തശ്ശിയെയും 12 കാരിയെയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്.

🙏മഴ ശക്തമായി തുടരുന്നതിനാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേരെ വീടുകളില്‍ നിന്നു ഒഴിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

🙏സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിലാണെന്ന് വ്യാഖ്യാനിച്ചത് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

🙏ഇടുക്കിയിലെ വാഴവരയില്‍ വാറ്റു കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായവും നാടന്‍ തോക്കുകളും പിടികൂടി. വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാര്‍ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിന്‍സിനെ പൊലീസ് അറസ്റ്റു ചെയ്തു.

ദേശീയം

🙏ചന്ദ്രനിലേക്ക് ഇന്ത്യ 14 നു പറക്കും. 40 ദിവസങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് 23 നോ 24 നോ ഇന്ത്യന്‍ റോക്കറ്റ് ചന്ദ്രനിലെത്തും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോയുടെ ഭീമന്‍ റോക്കറ്റ് എല്‍വി എം 3 ആണ് ചന്ദ്രയാന്‍ മൂന്നിന്റെ പേടകം വഹിക്കുക. ഐതിഹാസിക വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണു പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.

🙏മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്നു വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂര്‍ത്തിയായി രണ്ടു മാസത്തിനു ശേഷമാണ് വിധി പറയുന്നത്

🙏അജിത് പവാര്‍ അടക്കം ലോക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ മന്ത്രിമാരായ എന്‍സിപിയിലെ ഒമ്പത് എംഎല്‍എമാരെ ശരത് പവാര്‍ പുറത്താക്കി. ശരത് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 27 സംസ്ഥാന സമിതി അധ്യക്ഷന്മാര്‍ പങ്കെടുത്തു.

🙏കോണ്‍ഗ്രസ് നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യകുമാറിനെ എന്‍എസ്യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമിച്ചു. കനയ്യകുമാര്‍ സിപിഐയില്‍നിന്നു രാജിവച്ചാണ് കോണ്‍ഗസിലെത്തിയത്.

🙏രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടതനുസരിച്ച് പിഎസ് എസിയില്‍ നിയമനിര്‍മ്മാണം നടത്താനും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. ഹൈക്കമാന്‍ഡിന്റെകൂടി നിര്‍ദേശമനുസരിച്ചാണ് താത്കാലിക ഒത്തുതീര്‍പ്പുണ്ടാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നേറുമെന്ന് സച്ചിന്‍ പറഞ്ഞു.

🙏തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ഏക എംപിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ മകനുമായ തേനി എംപി പി രവീന്ദ്രനാഥിന്റെ ജയം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്ന് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി.

🙏വ്യാജ രജിസ്ട്രേഷന്‍ തടയുന്നതിനു രാജ്യവ്യാപകമായി രണ്ടു മാസമായി നടത്തിയ പരിശോധനയില്‍ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകള്‍ കണ്ടെത്തി റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

🙏കോടതിക്കു മുന്നില്‍ വിചാരണ കേസ് പ്രതിയെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലാ കോടതിക്കു മുന്നിലാണ് സംഭവം. ചെന്നൈ താംബരം സ്വദേശി ലോകേഷിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത
കേസിന്റെ വിചാരണക്കെത്തിയതായിരുന്നു ലോകേഷ്. അക്രമത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

അന്തർദേശീയം

🙏ഓസ്ട്രേലിയയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 21 കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജാസ്മിന്‍ കൗറിനെയാണ് ഇന്ത്യക്കാരന്‍ കൊലപ്പെടുത്തിയത്. താരിക്ജോത് സിംഗ് എന്ന ഇന്ത്യന്‍ വംശജനെ പോലീസ് അറസ്റ്റു ചെയ്തു.

🙏നേപ്പാളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വ്യവസായിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായതെന്ന നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വെളിപെടുത്തല്‍ വിവാദമായി. പുസ്തക പ്രകാശനത്തിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

കായികം

🙏2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടി നെതര്‍ലന്‍ഡ്സ്. സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയതോടെയാണ് നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. സൂപ്പര്‍ സിക്സില്‍ നിന്ന് നേരത്തെ ശ്രീലങ്കയും ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

🙏രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലദേശ് ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ തമീം ഇക്ബാല്‍. ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ശേഷിക്കേയാണ് തമീമിന്റെ വിരമിക്കല്‍ തീരുമാനം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കഴിഞ്ഞ ദിവസം ബംഗ്ലദേശ് പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണു വിരമിക്കല്‍ പ്രഖ്യാപനം വന്നത്.

🙏പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ഉടമ അലംഗീര്‍ തരീനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 63 വയസ്സുകാരനായ അലംഗീര്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമ കൂടിയാണ്.

🙏ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഓസ്ട്രേലിയ 263 ന് പുറത്ത്. 85 ന് 4 എന്ന നിലയില്‍ പ്രതിരോധത്തിലായ ഓസീസിനെ അഞ്ചാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ടുമായി മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും കരകയറ്റിയെങ്കിലും ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ വീണ്ടും തകര്‍ന്നടിയുകയായിരുന്നു. 118 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസ്ട്രേലിയയെ അല്പമെങ്കിലും മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 68 ന് 3 എന്ന നിലയിലാണ്.